Fateh Singh Gill: അഞ്ച് വയസ്സുകാരന്റെ മാർഷൽ ആർട്സ് വിസ്മയം, ആരാണ് ഫതേ സിംഗ് ഗിൽ?
പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ള അഞ്ച് വയസുകാരനാണ് ഫതേ സിംഗ് ഗിൽ. തായ്ലൻഡിലെ പട്ടായയിൽ നടന്ന 2026 വേൾഡ് മാർഷൽ ആർട്ട് ഗെയിംസിൽ ഗട്ക ഓൺ സ്കേറ്റിൽ (Gatka on Skates) സ്വർണം നേടിയതോടെയാണ് ഫത്തേ ആയോധനകല ലോകത്ത് തരംഗമാകുന്നത്. രണ്ട് വയസുള്ളപ്പോളാണ് ഫതേ തന്റെ ഗട്ക യാത്ര ആരംഭിച്ചത്. കുട്ടികൾ ബാലപാഠങ്ങൾ പഠിക്കുമ്പോൾ ഫതേ സിംഗ് അന്താരാഷ്ട്ര വേദികൾ കീഴടക്കുകയായിരുന്നു. പരമ്പരാഗത സിഖ് ആയോധനകലയാണ് ഗട്ക (Gatka). വാളുകൾ, പരിച, വടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് പരമ്പരാഗത ആയോധന കല അവതരിപ്പിക്കുന്നത്. ഗട്ക സ്കേറ്റിൽ (Skates) അവതരിപ്പിക്കുന്നതാണ് ഗട്ക ഓൺ സ്കേറ്റ്. ഇതിന് അസാധാരണമായ ഏകാഗ്രതയും, മികച്ച ശാരീരിക ബാലന്‍സും, പെട്ടന്നുള്ള വേഗതയും ആവശ്യമാണ്. ഈ കലയാണ് ഈ ചെറിയ പ്രായത്തില്‍ ഫതേ നേടിയെടുത്തത്. ഇത് മാത്രമല്ല തായ്ലൻഡിലെ പട്ടായയിൽ നടന്ന 2026 വേൾഡ് മാർഷൽ ആർട്ട് ഗെയിംസിൽ ഗട്ക ഓൺ സ്കേറ്റിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫതേ. ഫതേയ്ക്ക് രണ്ടുവയസുള്ളപ്പോളാണ് അവനിലെ അസാധാരണ കഴിവ് മാതാപിതാക്കൾ കണ്ടെത്തിയത്. ഫതേയുടെ അച്ഛൻ രമൻദീപ് യൂറോപ്പിലെ ബോഡിബിൽഡിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള കായികതാരമാണ്. മകന് 10-11 വയസാകുമ്പോൾ കായികരംഗം തിരഞ്ഞെടുക്കുമെന്നാണ് രക്ഷിതാക്കൾ കണക്കുകൂട്ടിയത് പക്ഷെ രണ്ടര വയസുള്ളപ്പോൾ തന്നെ മകൻ നേട്ടങ്ങൾ കൈവരിക്കുമെന്ന് അവരും പ്രതീക്ഷിച്ചില്ല. ഫതേയുടെ ഗട്ക പ്രകടനങ്ങളുടെ വീഡിയോകൾ മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ യൂറോപ്യൻ മാർഷൽ ആർട്സ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് 2024-ലെ മത്സരങ്ങളിൽ പങ്കെടുക്കാൻ പിതാവ് മകനെ പരിശീലിപ്പിച്ചു. പരിശീലന സമയത്ത് ഫതേയ്ക്ക് വെറും മൂന്ന് വയസായിരുന്നു പ്രായം. പക്ഷെ മത്സരങ്ങൾക്ക് മുൻപ് കുടുംബം വലിയ പ്രതിസന്ധികളാണ് നേരിട്ടത്. യൂറോപ്യൻ മത്സരത്തിൽ മുമ്പ് കുട്ടിയുടെ അമ്മയുടെ വിസ നിരസിക്കപ്പെട്ടു. തുടർന്ന് അച്ഛനാണ് മകനൊപ്പം വിദേശത്ത് പോയത്. തന്റെ മകനൊപ്പം ഇത്രയും വലിയ വേദിയില്‍ നേരിട്ട് പിന്തുണ നല്‍കാന്‍ സാധിക്കാത്ത വിഷമം അമ്മ നവ്പ്രീത് കൗർ പങ്കുവച്ചു. പരമ്പരാഗത മാർഷൽ ആർട്സായ ഗട്ക മുമ്പ് കണ്ടിട്ടില്ലാത്ത വിദേശികൾക്ക് ഈ ചെറിയ കുട്ടിയുടെ പ്രകടനം കൗതുകമായിരുന്നു. സിംഗപ്പൂർ, തായ്ലൻഡ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഫതേ ഇതിനോടകം പങ്കെടുത്തു. യൂറോപ്പിൽ നടന്ന മത്സരങ്ങളിൽ വേൾഡ് ഗ്രാൻഡ് പ്രി ഫിറ്റ് കിഡ് (World Grand Prix Fit Kid), മിസ്റ്റർ യൂണിവേഴ്സൽ ഫിറ്റ് കിഡ് എന്നീ പദവിയും ഫതേ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Tap to read more