iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

അനുവാദമില്ലാതെ സിനിമയിൽ മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന് പരാതി; നിർമാതാവിനും നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ നിർദ്ദേശം

Entertainment

'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമാതാവിനും നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. 

കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിൽ അനുവാദമില്ലാതെ കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചതിന് നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും ചിത്രം ഒടിടി പ്രദർശനത്തിനെത്തിയ നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ നിർദേശം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. എറണാകുളം സെൻട്രൽ പോലീസിനാണ് കോടതി നിർദ്ദേശം നൽകിയത്.

വിഷയത്തിൽ നേരത്തെ കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് പരാതിക്കാരന്റെ ഭാഗം കേൾക്കുകയും ശേഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ബിഎന്‍എസ്എസ് സെക്ഷൻ 175(3) പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഒരു രംഗത്തിൽ പരാതിക്കാരനായ കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ കാണിച്ചിരുന്നു. ചിത്രം റിലീസ് ആയതിന് പിന്നാലെ വിദേശത്തുനിന്നടക്കം ഈ നമ്പറിലേക്ക് നിരന്തരം ഫോൺ കോളുകളും ഭീഷണി സന്ദേശങ്ങളും വന്നതോടെയാണ് പരാതി നൽകിയത്. അടിസ്ഥാനപരമായ മുൻകരുതലുകളോ സുരക്ഷയോ പാലിക്കാതെയാണ് സിനിമയിൽ തന്റെ സ്വകാര്യ നമ്പർ ഉപയോഗിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. തന്റെ വ്യക്തിജീവിതത്തെയും സമാധാനത്തെയും ഇത് സാരമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടി കൊണ്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഡമ്മി നമ്പറുകൾക്ക് പകരം യഥാർഥ നമ്പർ സിനിമയിൽ ഉപയോ​ഗിച്ചതിൽ നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പരാതിക്കാരൻ വാദിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.