9/11 Terror Attacks: സിഐഎ രേഖകൾ പുറത്തുവിട്ടു: ഒസാമ ബിൻ ലാദന്റെ ലക്ഷ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു!
)
മുൻ അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നുവെന്ന് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA) രേഖകൾ.
2001-ലെ സെപ്റ്റംബർ 11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് ഒസാമ ബിൻ ലാദനുമായി ബന്ധപ്പെട്ട 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് രേഖകൾ സിഐഎ പുറത്തുവിട്ടു. 1998 ഓഗസ്റ്റ് 28-ലെ രേഖകൾ പ്രകാരം ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്റ്റ്, കുവൈറ്റ്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാൻ ബിൻ ലാദൻ പദ്ധതിയിട്ടതായി പറയുന്നു.
‘ബിൻ ലാദന്റെ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണിയാണ്’ (Bin Ladin Terrorist Network Still a Threat) എന്ന തലക്കെട്ടോടെ പുറത്ത് വിട്ടിരിക്കുന്ന രേഖകളിൽ നിന്ന് ഇന്ത്യയിലെ ലക്ഷ്യ സ്ഥാനങ്ങളോ, തീയതികളോ, പദ്ധതികളോ വ്യക്തമാക്കിയിട്ടില്ല.
അമേരിക്കൻ താൽപര്യങ്ങൾ ഉള്ള വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ബിൻ ലാദന് ശക്തമായ ശൃംഖലയുണ്ടെന്ന് രേഖകള്‍ പറയുന്നു. കൂടാതെ, അഫ്ഗാനിസ്ഥാനിലെ ഭീകര നേതാക്കൾ യുഎസ് ആക്രമണങ്ങളെ അതിജീവിച്ചെന്നും അവരുടെ ആശയവിനിമയ ശൃംഖലകളും പരിശീലന ക്യാമ്പുകളും സജീവമായി തുടരുന്നുവെന്നുമാണ് വിലയിരുത്തലുകള്‍.
അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ ക്യാമ്പുകൾക്ക് നേരെ യുഎസ് മിസൈൽ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് അമേരിക്കയ്ക്കും ബ്രിട്ടനും എതിരെയുള്ള പുതിയ ആക്രമണങ്ങൾക്ക് ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി രേഖയിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. കുറഞ്ഞത് 60 രാജ്യങ്ങളിലെങ്കിലും വ്യക്തികളുടെയും സഖ്യകക്ഷികളുടെയും ഒരു ശൃംഖല ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ ബിൻ ലാദന് കഴിയുമെന്നും ഈ മെമ്മോ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് 1998 നും 2001 നും ഇടയിൽ മുൻ അമേരിക്കൻ പ്രസിഡന്റമാർക്ക് സിഐഎ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതായി ഇന്റലിജൻസ് രേഖകൾ സൂചിപ്പിക്കുന്നത്.
2001 സെപ്റ്റംബർ 11നാണ് അമേരിക്കൻ ഐക്യനാടുകൾക്കെതിരെ അൽ ഖ്വെയ്ദ ചാവേർ ആക്രമണം നടത്തിയത്. ഹൈജാക്ക് ചെയ്ത നാല് വാണിജ്യ വിമാനങ്ങൾ ഉപയോഗിച്ചാണ് ഭീകരവാദികൾ ആക്രമണം നടത്തിയത്. ആദ്യത്തെ രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചിറക്കി രണ്ട് കെട്ടിടങ്ങളും തകർത്തു. മൂന്നാമത്തെ വിമാനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചുകയറ്റി.
നാലാമത്തെ വിമാനം യൂണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 വൈറ്റ് ഹൗസോ, യുഎസ് കാപ്പിറ്റലോ ലക്ഷ്യമിട്ടാണ് വന്നതെങ്കിലും യാത്രക്കാരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നു വീഴുകയായിരുന്നു. ഹൈജക്കർമാരായ 19 പേർ ഒഴികെ 2,977 ആളുകളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)