iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Operation Chakkakomban: ചക്കക്കൊമ്പന് മയക്കുവെടിവച്ചു; വെടിയുതിർത്തത് ഓമനക്കുഴി ഭാഗത്തുവച്ച്

Kerala

ആനയ്ക്ക് റേഡിയോ കോളർ ധരിപ്പിക്കുന്നതിനായി വനംവകുപ്പിൻറെ ദൌത്യസംഘം മൂന്ന് ദിവസമായി ശ്രമം തുടരുകയാണ്.

ഇടുക്കി: ഓമനക്കുഴി ഭാഗത്ത് വച്ച് ചക്കക്കൊമ്പനെ വനംവകുപ്പിൻറെ പ്രത്യേക ദൌത്യസംഘം മയക്കുവെടി വച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന തീവ്രശ്രമങ്ങൾക്കൊടുവിലാണ് ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ മയക്കുവെടിവച്ചത്. നിലവിൽ ചക്കക്കൊമ്പന് ഏകദേശം 30 മീറ്റർ അകലെയായി ദൌത്യസംഘം നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ നടുത്തുരുത്തി ഭാഗത്ത് വച്ച് ആനയെ കണ്ടെത്തിയെങ്കിലും ചുറ്റും വെള്ളം നിറഞ്ഞ പ്രദേശം ആയതിനാൽ അവിടെവച്ച് മയക്കുവെടിവയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടുത്തുരുത്തി, വിമല പാറ എന്നിവിടങ്ങൾ പിന്നിട്ട് ആനയിറങ്കൽ അണക്കെട്ടിലെ വെള്ളത്തിലൂടെ നീന്തി ഇടിക്കുഴിയിലെത്തിയ ചക്കക്കൊമ്പൻ ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.

ചിന്നക്കനാലിലെ ദുർഘടമായ ഭൂപ്രകൃതി ആണ് മൂന്നാം ദിവസവും ദൌത്യത്തിന് പ്രധാന തടസമായി നിന്നത്. ഇതിനിടയിൽ ഒരു പിടിയാനയും കുട്ടിയാനയും ദൌത്യമേഖലയിലേക്ക് കടന്നുവന്നത് ആശങ്കയുണ്ടാക്കിയിരുന്നു. തുടർന്ന് വനപാലകർ പടക്കംപൊട്ടിച്ച് ഇവയെ ഉൾക്കാട്ടിലേക്ക് തുരത്തിയ ശേഷമാണ് ദൌത്യം മുന്നോട്ട് കൊണ്ടുപോയത്.

മയക്കുവെടിയേറ്റ ആന പൂർണമായും മയങ്ങാനും റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കാനും 12 മിനിറ്റ് മുതൽ നാല് മണിക്കൂർ വരെ സമയമെടുത്തേക്കും. ദൌത്യത്തിൻറെ പശ്ചാത്തലത്തിൽ ചിന്നക്കനാലിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങൾ ഇന്നും പ്രാബല്യത്തിലുണ്ട്. പ്രദേശത്തെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ടെന്നും വിനോദസഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.