iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Nedumbassery Accident: നെടുമ്പാശ്ശേരി കാർപകടം: 4 പ്രതികളും പോലീസ് കസ്റ്റഡിയിൽ

Kochi

നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികൾ ഇന്ന് വൈകിട്ട് വരെ കസ്റ്റഡിയിൽ.

കൊച്ചി: നെടുമ്പാശ്ശേരി അപകട കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയിൽ അനുവദിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോടതി കസ്റ്റഡി അപേക്ഷയിൽ ഉത്തരവിട്ടത്. തുടർന്ന് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിരുന്ന നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു.

സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, വാഹനം സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നതിനും സംഭവത്തിന്റെ വിവിധ വശങ്ങളിൽ വ്യക്തത വരുത്താനുമാണ് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. രണ്ടാം തവണയാണ് ഇപ്പോൾ പ്രതികളെ കസ്റ്റഡിയിൽ വിടുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യൽ.

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഒക്ടോബർ 11-ന് പുലർച്ചെയാണ് അപകടം നടന്നത്. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. കേസിലെ ഒന്നാം പ്രതി സുഹൈൽ, നിനവ്, അമീൻ, ജോയൽ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ സെഷൻസ് കോടതിയും നേരത്തെ തള്ളിയിരുന്നു.

അതേസമയം കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവിന്റെയും (19) മൂന്നാം പ്രതി ജോയൽ എസ്. ആന്റോയുടെയും (19) ജാമ്യഹർജി ഹൈക്കോടതി നവംബർ ആറിന് പരിണിക്കും. ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് സംഭവത്തിൽ സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്.

അപകടം നടന്ന ദിവസം മുതൽ താൻ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളതെന്നും തുടർച്ചയായുള്ള ജയിൽവാസം പഠനത്തെ ബാധിക്കുമെന്നും അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കോളജ് വിദ്യാർഥിയായ സുഹൈൽ ഹർജി സമർപ്പിച്ചത്. കേസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കില്ലെന്നും പ്രതി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാഹനത്തിന്റെ പിൻസീറ്റിലിരുന്ന താൻ ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുകയോ അമിതവേഗത്തിൽ പോകാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയൽ ഹർജി നൽകിയത്. അനാവശ്യമായാണ് തന്റെ പേര് പ്രതിപ്പട്ടികയിൽ ചേർത്തതെന്നും മദ്യപിച്ചുവെന്ന ആരോപണം തെളിയിക്കാൻ തന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്നും ജോയൽ പറയുന്നു. പഠനം തടസ്സപ്പെടുന്ന കാര്യവും ജോയൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം