Godhra Case: ഗോധ്ര കേസ്: 17 വർഷമായി ജയിലിൽ കഴിയുന്ന ഇർഫാൻ പാഡയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഗോധ്ര കേസിലെ പ്രതി ഇർഫാൻ പാഡയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
)
ന്യൂഡൽഹി: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഇർഫാൻ സിറാജ് പാഡയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് ഉത്തരവ്. 17 വർഷത്തിലേറെയായി ഇയാൾ ജയിലിൽ കഴിയുകയാണ്. ഇർഫാന്റെ കേസിലെ അപ്പീലിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
2002 ഫെബ്രുവരി 27-ന് രാവിലെ ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ച സംഭവമാണിത്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകരാണ് കോച്ചിലുണ്ടായിരുന്നത്. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 59 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് ഗുജറാത്തിൽ വലിയ തോതിലുള്ള വർഗീയ കലാപങ്ങൾക്കാണ് വഴിവെച്ചത്. ഇതേ തുടർന്നുണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്തുടനീളം ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു.
കേസിൽ 31 പേരെ കുറ്റക്കാരായി പ്രത്യേക എസ്.ഐ.ടി കോടതി കണ്ടെത്തുകയും ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവും വിധിക്കുകയും ചെയ്തു. 63 പേരെ വെറുതെവിട്ടു. എന്നാൽ 2017-ൽ ഗുജറാത്ത് ഹൈക്കോടതി 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തുകൊടുക്കുകയായിരുന്നു. മറ്റ് 20 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കൂടാതെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തതിനെതിരെ ഗുജറാത്ത് സർക്കാരും ശിക്ഷയ്ക്കെതിരെ പ്രതികളും നൽകിയ അപ്പീലുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. ദീർഘകാലത്തെ ജയിൽവാസവും പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പല പ്രതികൾക്കും സുപ്രീം കോടതി നേരത്തെയും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)