iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Mohmmed Shami: 13 വർഷത്തെ കരിയറിന് അവസാനമിട്ട് മുഹമ്മദ് ഷമി; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Sports

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അരങ്ങേറ്റം കുറിച്ച് 13 വർഷങ്ങൾക്കിപ്പുറമാണ് വിരമിക്കൽ.

മുംബൈ: ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെള്ളിയാഴ്ച രാത്രി എക്സിലൂടെയാണ് 13 വർഷം നീണ്ട ടെസ്റ്റ് കരിയറിന് വിരാമമിടുന്നതായി ഷമി പ്രഖ്യാപിച്ചത്. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച് കൃത്യം 13 വർഷം പൂർത്തിയാകുന്ന വേളയിലാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2013 നവംബർ 6-ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഷമിയുടെ ആദ്യ ടെസ്റ്റ് മത്സരം. വെള്ള ജഴ്‌സിയോട് മാത്രമാണ് വിട പറയുന്നതെന്നും ടെസ്റ്റ് നൽകിയ ഓർമ്മകൾ എന്നും മനസ്സിലുണ്ടാകുമെന്നും ഷമി കുറിച്ചു.

‘‘ആദ്യമായി ടെസ്റ്റ് ജഴ്സി അണിയുമ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുകയെന്ന സ്വപ്നം മാത്രമാണ് എനിക്കുണ്ടായിരുന്നത്. അന്നുമുതൽ വീണുകിട്ടിയ ഓരോ വിക്കറ്റും, അനുഭവിച്ച ഓരോ പോരാട്ടങ്ങളും, പരിക്കുകളും അതിനുശേഷമുള്ള തിരിച്ചുവരവുകളും എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് വെറുമൊരു ഫോർമാറ്റല്ലായിരുന്നു; എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു അത്. മനോഹരമായ കുറേ ഓർമ്മകളോടെ ഞാൻ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുകയാണ്’’– മുഹമ്മദ് ഷമി വ്യക്തമാക്കി.

കരിയറിൽ 64 ടെസ്റ്റ് മത്സരങ്ങൾ ഷമി കളിച്ചിട്ടുണ്ട്. 229 വിക്കറ്റുകളാണ് ആകെ വീഴ്ത്തിയിട്ടുള്ളത്. ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരമാണ് ഷമി. 2023 ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിലാണ് ടെസ്റ്റ് ജഴ്സിയിൽ ഷമി ഒടുവിലായി കളിക്കളത്തിലിറങ്ങിയത്. 2023ൽ തന്നെ ഏകദിന ലോകകപ്പിൽ ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് കാത്തിരിക്കുന്നതിനിടയിലാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നത്.


2025 മാർച്ചിൽ ന്യൂസീലൻഡിനെതിരായ ചാംപ്യൻസ് ട്രോഫി ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. പരുക്കിൽ നിന്നും മുക്തി നേടി തിരിച്ചെത്തിയ താരം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ദേശീയ ടീമിലേക്ക് വീണ്ടും അവസരം ലഭിച്ചിരുന്നില്ല. ഉത്തർപ്രദേശ് സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടിയാണ് ഷമി കളിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.