iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Forest Department: വ്യാജ രേഖ ചമച്ച് വിദേശ ഇഗ്വാനയെ വിൽപ്പന നടത്താൻ ശ്രമിച്ചു; വനംവകുപ്പ് യുവാവിനെ പിടികൂടി

തിരുവനന്തപുരം: കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ പേരിലുള്ള വ്യാജ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംരക്ഷിത വിഭാഗത്തിൽപ്പെട്ട വിദേശ ജീവിയെ വിൽക്കാൻ ശ്രമിച്ച പെറ്റ് ഷോപ്പ് ഉടമ വനംവകുപ്പിൻറെ പിടിയിലായി. വിളപ്പിൽ പഞ്ചായത്തിൽ പെറ്റ്സ് എംപോർ എന്ന സ്ഥാപനം നടത്തുന്ന വിഴിഞ്ഞം ചൊവ്വര സ്വദേശി ബിനോയ് എസ് മനോഹരൻ (32) ആണ് അറസ്റ്റിലായത്.

വനംവകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് ഗ്രീൻ ഇഗ്വാന എന്ന ജീവിയെ കണ്ടെടുത്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൻറെ 2022ലെ ഭേദഗതി അനുസരിച്ച് ഷെഡ്യൂൾ IV, അപ്പൻഡിക്സ് II എന്നിവയിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണിത്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ ഔദ്യോഗിക അനുമതിയില്ലാതെ ഇതിനെ കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ്. ‘’ഡോ. രാജീവ് ആർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറ് എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി 200 രൂപ വീതം ഈടാക്കിയാണ് പ്രതി കച്ചവടം നടത്തിയിരുന്നത്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഈ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയതെന്നാണ് പ്രാഥമിക സൂചന. പാറൂത്തിപ്പള്ളി റേഞ്ച് ഓഫീസർ ബിപിൻ ചന്ദ്രൻ വി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാർ, എസ്എഫ്ഒ ജിത്തുമോൻ, ബിഎഫ്ഒ മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാവ്യ എസ് നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.