iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Sabarimala Gold Crown Theft: ശബരിമലയിലെ സ്വർണ കിരീടവും കവര്‍ന്നു; സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തുള്ള സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടമാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.

നിലവിൽ സ്ട്രോങ്ങ് റൂമിലുള്ളത് മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ്. 445.78 ഗ്രാം തൂക്കമുള്ള കിരീടത്തിന് പകരമായുള്ള മുക്കുപണ്ടത്തിന്റെ തൂക്കം 240 ഗ്രാം മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഇക്കാര്യം തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്ഥിരീകരിച്ചത്. കിരീടം സമർപ്പിച്ചത് 2012 ൽ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് കിരീടം സമര്‍പ്പിച്ചത്. രസീത് നല്‍കി കിരീടം ലഭിച്ച കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം സന്നിധാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പിലാണ് കിരീടം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിഇരിക്കുന്നത്. നിലവിൽ സ്‌ട്രോങ് റൂമിലുള്ളത് സ്വര്‍ണ കിരീടത്തിന് സമാനമായ വ്യാജ കിരീടമാണ്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകളും അതിൽ പതിച്ചിട്ടുണ്ട്. കിരീടത്തിന്റെ ഭാരത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴായിരുന്നു തട്ടിപ്പ് വെളിപ്പെട്ടത്.

സാധാരണ ശബരിമലയില്‍ ലഭിക്കുന്ന വില കൂടിയ വസ്തുക്കള്‍ താല്‍ക്കാലികമായി സന്നിധാനത്തെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കാറുള്ളത്. പിന്നീട് ഇവ ആറന്മുളയിലെ സ്‌ട്രോങ്‌റൂമിലേക്ക് മാറ്റും. താക്കോൽ സൂക്ഷിക്കുക സ്‌ട്രോങ്‌റൂമിന്റെ ചുമതലക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. സ്‌ട്രോങ് റൂം പകല്‍ സമയത്ത് മാത്രമേ തുറക്കാനാകൂ എന്നും നിയമമുണ്ട്. സ്‌ട്രോങ് റൂമിൽ സിസിടിവി നിരീക്ഷണമില്ല. ഇതിനിടയിൽ ആറന്മുളയിലെ സ്‌ട്രോങ് റൂമിലുണ്ടായിരുന്ന നാല് പവന്റെ സ്വര്‍ണ മാലയും കാണാതായെന്നും കണ്ടെത്തിയിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാവട്ടെയെന്നും ആര്‍ക്കാണ് വീഴ്ചയെന്ന് പരിശോധിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.