iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Keerthy Suresh: 'മഹാനടിക്ക് ശേഷം ആറുമാസം വെറുതെയിരുന്നു, സാമ്പത്തികമായി തളര്‍ന്നു', ഒടിടി അരങ്ങേറ്റത്തിന് ഒരുങ്ങി കീര്‍ത്തി സുരേഷ്

Entertainment

മഹാനടി-ക്ക് ശേഷം സിനിമകളില്ലാതെ ആറുമാസം വീട്ടിലിരിക്കേണ്ടി വന്നതിനെക്കുറിച്ച് വെളിപ്പെടുത്തി.

മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്ന താരമാണ് നടി കീർത്തി സുരേഷ്. മലയാള സിനിമയിൽ ബാലതാരമായെത്തിയ കീർത്തി തെന്നിന്ത്യൻ സിനിമകളിലൂടെ അഭിനയ മികവ് പുറത്തെടുത്ത് ദേശീയ അവാർഡ് വരെ കരസ്ഥമാക്കി. ഇപ്പോൾ ഒടിടിയിലും ശക്തമായ ചുവടുവെപ്പാണ് നടി നടത്താൻ പോകുന്നത്. 'അക്ക' എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിലൂടെയാണ് കീർത്തി ഒടിടിയിൽ ചുവടുവെക്കുന്നത്. ഒക്ടോബർ 30 മുതൽ സീരിസിന്റെ സംപ്രേക്ഷണം ആരംഭിക്കും.

'അക്ക'-യുടെ പ്രമോഷൻ തിരക്കുകളിലാണ് താരം. 'അക്ക'-യിലെ സഹതാരമായ വിശാഖ് നായരും താനും സെക്കൻഡ് കസിൻസാണെന്ന വിവരം സ്ക്രിപ്റ്റ് വായിക്കാനെത്തിയപ്പോഴാണ് അറിയുന്നതെന്ന് കീർത്തി തമാശയായി വെളിപ്പെടുത്തി. കസിനോടൊപ്പം റൊമാൻസ് രംഗങ്ങളിൽ അഭിനയിക്കുക എളുപ്പമല്ലെന്നും താരം പറഞ്ഞു.

കീർത്തി സുരേഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് 'മഹാനടി'. എന്നാൽ 'മഹാനടി'-ക്ക് ശേഷം ആറ് മാസത്തോളം സിനിമകളൊന്നുമില്ലാതെ വെറുതെ വീട്ടിലിരിക്കേണ്ടി വന്നുവെന്ന് നടി പറഞ്ഞു. 'മഹാനടി'-യിലെ പ്രകടനം കണ്ടശേഷം ഏതുതരം വേഷങ്ങളാണ് കീർത്തിക്ക് നൽകേണ്ടതെന്ന കാര്യത്തിൽ സിനിമാ നിർമ്മാതാക്കൾക്ക് സംശയമുണ്ടായതാകാമെന്ന് താരം പറയുന്നു. എന്നാല്‍ സിനിമയില്ലാത്തത് തന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചപ്പോൾ ആശങ്കയിലായെന്നും കീർത്തി വ്യക്തമാക്കി.

അതേസമയം കീര്‍ത്തിയുടെ പുതിയ സീരീസ് 'അക്ക' വൈആർഎഫ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ഒരുക്കുന്നത്. ധർമരാജ് ഷെട്ടിയാണ് സീരിസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 1980-കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ക്രൈം ത്രില്ലറാണ് സീരീസ്. 'പെർണുരു' എന്ന സാങ്കൽപ്പിക ദക്ഷിണേന്ത്യൻ ഗ്രാമത്തിലെ സ്വർണ്ണക്കടത്തും അധോലോകവുമാണ് പ്രധാന പ്രമേയം. കീർത്തി സുരേഷിനൊപ്പം രാധിക ആപ്തെ, വിശാഖ് നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഭവാനി എന്ന ശക്തമായ കഥാപാത്രത്തെയാണ് കീർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭവാനിയുടെ സാമ്രാജ്യം തകർക്കാൻ എത്തുന്ന രുദ്രയായാണ് രാധിക ആപ്തെ ചിത്രത്തിലെത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.