Russian Ship Attacked: ലിബിയൻ തുറമുഖത്ത് റഷ്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; വൻ സ്ഫോടനം, നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം
ലിബിയൻ തുറമുഖത്ത് റഷ്യൻ കപ്പൽ ആക്രമിക്കപ്പെട്ടു. യുക്രെയ്ൻ ഡ്രോൺ ആക്രമണമെന്ന് സംശയം.
)
ട്രിപ്പോളി: റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ സമുദ്ര ഡ്രോൺ ആക്രമണം. കിഴക്കൻ ലിബിയയിലെ ബെൻഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്നുണ്ടായ വൻ സ്ഫോടനത്തിലും തീപിടിത്തത്തിലും മെർക്കുറി എന്ന കപ്പൽ ഭാഗികമായി സമുദ്രത്തിൽ മുങ്ങി. റഷ്യയും കിഴക്കൻ ലിബിയൻ ഭരണകൂടവും തമ്മിലുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കാനും അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനുമായാണ് കപ്പൽ കിഴക്കൻ ലിബിയയിലെ ബെൻഗാസി തുറമുഖത്ത് നങ്കൂരമിട്ടത്.
ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കപ്പലിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായിട്ടുണ്ട്. മുൻഭാഗം മാത്രമാണ് ഇപ്പോൾ പുറത്തേക്ക് കാണാനാകുന്നത്. കപ്പലിന് ചുറ്റും പുകയും അവശിഷ്ടങ്ങളും പടർന്നിട്ടുണ്ടെന്നും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. പടിഞ്ഞാറൻ ലിബിയയിൽ യുക്രെയ്ൻ സേന പ്രവർത്തിക്കുന്നിടത്ത് നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചിരിക്കുന്നതെന്ന് ലിബിയൻ സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാല് ഡ്രോണുകൾ സേന തടഞ്ഞിരുന്നു. എന്നാൽ രണ്ടെണ്ണം കപ്പലിൽ പതിക്കുകയും സ്ഫോടനവും തീപിടിത്തവും ഉണ്ടാകുകയുമായിരുന്നു.
നിരവധി ലിബിയൻ, റഷ്യൻ പൗരന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളതായാണ് വിവരം. കപ്പലിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഡ്രോണുകളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മൂന്ന് ഡ്രോണുകൾ കപ്പലിന് നേരെ ആക്രമണം നടത്തിയതായി കണ്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ ഈ വിവരങ്ങളൗന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യയോ യുക്രെയ്നോ പ്രതികരണം നടത്തിയിട്ടില്ല.
തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി റഷ്യയുമായി ചേർന്ന് സംയുക്ത അന്വേഷണം തുടങ്ങിയതായും കിഴക്കൻ ലിബിയൻ ഭരണകൂടം അറിയിച്ചു. ലിബിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ആക്രമണമെന്നും സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ലിബിയ കക്ഷിയല്ലെന്ന് ഭരണകൂടം വ്യക്തമാക്കി. രാജ്യാന്തര സംഘർഷങ്ങൾ തീർക്കാനുള്ള വേദിയായി ലിബിയൻ തുറമുഖങ്ങളെയോ ഭൂപ്രദേശങ്ങളെയോ മാറ്റാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ ലിബിയയിൽ യുക്രെയ്ൻ സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണമുണ്ടായത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)