iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

Middle East War: സൗദി ന​ഗരങ്ങൾക്ക് നേരെ ആക്രമണം നടത്തി ഹൂതികൾ; എണ്ണ ശുദ്ധീകരണശാലകളിൽ തീപിടിത്തം

സൌദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി ഹൂതികൾ. ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിൽ ചില പ്രധാന എണ്ണ ശുദ്ധീകരണശാലകൾക്ക് തീപിടിക്കുകയും എഴുപതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്.

സൌദിയുടെ തെക്കൻ മേഖലയിലുള്ള തന്ത്രപ്രധാനമായ ഊർജ്ജനിലയങ്ങളെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് രാത്രിയിൽ ഹൂതികളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൌദി അറേബ്യ വ്യക്തമാക്കി.

തങ്ങളുടെ രാജ്യത്തിൻറെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൌദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സൌദിയിലും ചെങ്കടലിലെ എണ്ണക്കപ്പലുകൾക്ക് നേരെയും ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഹൂതികളുടെ ആക്രമണത്തെ ചെറുക്കാൻ എല്ലാവിധ സൈനിക നടപടികളും കൈക്കൊള്ളുമെന്ന് സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി അറിയിച്ചു. ഖമീസ് മുഷൈത് നഗരത്തിലെ വ്യോമതാവളം, അതിർത്തി നഗരമായ നജ്റാൻ, അബഹ, ജിസാനിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രം എന്നിവ ലക്ഷ്യമിട്ട് അതിർത്തി കടന്നുള്ള വിപുലമായ ആക്രമണമാണ് നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു.

യെമൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണശാല മുൻപും ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു. ഇസ്രേയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം സൌദിക്കെതിരെ നടക്കുന്ന വലിയ ആക്രമണങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് പുറമെ, തെക്കുപടിഞ്ഞാറൻ സൌദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്താനും ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.