Rahul Mamkootathil: ഫോൺ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ ഹൈക്കോടതിയിൽ
ഫോണുകളുടെ പാസ്കോഡ് കൈമാറാൻ ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സർക്കാർ ഹൈക്കോടതിയിൽ.
)
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ രംഗത്ത്. തിരുവല്ല ബലാത്സംഗക്കേസിൽ പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് പാസ്കോഡ് നൽകുന്നതിൽ ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. പാസ്കോഡ് നൽകാൻ നിർബന്ധിക്കുന്നത് സ്വയം കുറ്റാരോപണത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ നൽകിയ അപ്പീലിലാണ് നടപടി.
ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അത് നശിപ്പിക്കപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്ത് താമസിക്കുന്ന 31-കാരിയുടെ പരാതിയിൽ ജനുവരി 10-ന് ഷൊർണൂരിലെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മേയിൽ തിരുവല്ല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മൂന്നാമത്തെ ബലാത്സംഗ കേസും ഉയർന്നതോടെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)