Delimitation Bill: ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ പിന്തുണ വേണം; സ്റ്റാലിനെ അനുനയിപ്പിക്കാൻ സോണിയയും രാഹുലുമടക്കം ചെന്നൈയിൽ
ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനെ അനുനയിപ്പിക്കുന്നതിൻറെ ഭാഗമായി ഇന്ത്യ സഖ്യ നേതാക്കൾ ചെന്നൈയിലെത്തി.
)
ചെന്നൈ: മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബില്ലിൽ ഡി.എം.കെ.യുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ സഖ്യത്തിന്റെ ശ്രമം. പിന്തുണ ഉറപ്പാക്കുന്നതിനും എംകെ സ്റ്റാലിനെ അനുനയിപ്പിക്കുന്നതിനുമായി ഇന്ത്യാ സഖ്യനേതാക്കൾ ചെന്നൈയിലെത്തിയിരിക്കുകയാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഗാർഗെ, മമതാ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ അടങ്ങുന്ന 21 അംഗ സംഘമാണ് ചെന്നൈയിലെത്തിയിരിക്കുന്നത്. രണ്ട് പ്രത്യേക വിമാനങ്ങളിലായാണ് ഇവർ ചെന്നൈയിലെത്തിയത്.
കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, എം.എ. ബേബി, വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും ചെന്നൈയിലെത്തിയ ഉന്നതതല സംഘത്തിലുണ്ട്. ഡൽഹിയിൽ നിശ്ചയിച്ചിരുന്ന കോൺഗ്രസിന്റെ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സംയുക്ത വാർത്താസമ്മേളനം പോലും റദ്ദാക്കിയാണ് നേതാക്കൾ ചെന്നൈയിലേക്ക് തിരിച്ചത്. അടുത്തകാലത്തൊന്നും ഇത്തരം അനുനയ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാതിരുന്ന സോണിയ ഗാന്ധി പോലും കൂടിക്കാഴ്ചയുടെ ഭാഗമാകുന്നുണ്ട്. എം.കെ. സ്റ്റാലിനുമായുള്ള സോണിയ ഗാന്ധിയുടെ ഊഷ്മളമായ വ്യക്തിബന്ധം ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. അതേസമയം, പാർലമെന്റിൽ എല്ലാ അംഗങ്ങളും നിർബന്ധമായും ഹാജരാകണമെന്ന് നിർദേശിച്ച് ഡിഎംകെ വിപ്പ് നൽകിയിട്ടുണ്ട്.
നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ നാല് ദിവസം മാത്രമാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ ബിൽ ചർച്ചയ്ക്കെടുക്കുകയും ഡിസംബർ മൂന്നിന് ലോക്സഭയിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്യും. നേരത്തെ 2026 ഏപ്രിലിൽ ഈ ബിൽ അവതരിപ്പിച്ചപ്പോൾ ഡിഎംകെയും ശരദ് പവാറിന്റെ പാർട്ടിയും ഇതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. എന്നാൽ, തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതോടെയാണ് ഡിഎംകെ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറിയത്.
രാഹുൽ ഗാന്ധി എക്സിൽ ഡിഎംകെയെ പുകഴ്ത്തി പോസ്റ്റിട്ടെങ്കിലും സ്റ്റാലിൻ നിലപാട് മാറ്റിയിട്ടില്ല. നേതാക്കൾ വരട്ടെ, അന്തിമ തീരുമാനം സ്റ്റാലിന്റേതായിരിക്കുമെന്ന് ഉദയനിധി സ്റ്റാലിനും ടി.കെ.എസ്. ഇളങ്കോവനും പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുകയല്ല, തമിഴ്നാടിന്റെ താല്പര്യം സംരക്ഷിക്കുകയാണെന്ന് ഇളങ്കോവൻ വ്യക്തമാക്കി. തമിഴ്നാടിന്റെ താല്പര്യത്തിനാണ് മുൻഗണനയെന്നും തങ്ങൾ ഒറ്റുകൊടുക്കുന്നവരല്ലെന്നും സ്റ്റാലിൻ രാഹുലിന് മറുപടി നൽകി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)