iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Trivandrum News: ബിരിയാണിയിൽ പുഴു; തിരുവനന്തപുരം വൈദ്യുതിഭവൻ കാന്റീൻ പൂട്ടി

Thiruvananthapuram

വൈദ്യുതി ഭവനിലെ കാൻ്റീനിൽ നൽകിയ ബിരിയാണിയിൽ പുഴു. സംഭവത്തിന് പിന്നാലെ കാൻ്റീൻ അടച്ചുപൂട്ടി. 

തിരുവനന്തപുരം: ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് വൈദ്യുതിഭവൻ കാന്റീൻ പൂട്ടി. പട്ടത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബി ആസ്ഥാനത്തെ കാന്റീന് ആണ് പൂട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇവിടെ കഴിക്കാനെത്തിയ ജീവനക്കാരനാണ് ബിരിയാണിയിൽ നിന്ന് പുഴുവിനെ കിട്ടിയത്.

തുടർന്ന് ഇതിന്റെ ദൃശ്യം ജീവനക്കാരുടെ വാട്സ്ആപ്പിൽ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയും കാന്റീൻ പൂട്ടുകയുമായിരുന്നു. നഗരസഭ ഹെൽത്ത് സ്ക്വാഡ് കാന്റീനിൽ പരിശോധന നടത്തി.

ബിരിയാണി ചൂടാക്കിയ വിഭവമായതിനാൽ അതിനൊപ്പം നൽകിയ സാലഡിൽ നിന്നാകാം പുഴു ലഭിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തൈരിലോ പച്ചക്കറിയിലോ ഉണ്ടായിരുന്ന പുഴുവാകാം ഇതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് കാന്റീൻ കമ്മിറ്റി പരിശോധന നടത്തുകയും കാന്റീൻ അടച്ചുപൂട്ടാൻ നിർദേശം നൽകുകയും ചെയ്തു.

അതേസമയം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ കോർപ്പറേഷൻ ആലോചിക്കുകയാണ്. വെള്ളക്കെട്ട് പതിവാകുന്ന തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാകും സ്ക്വാഡുകളുടെ പ്രവർത്തനം. മഴയുണ്ടാകുമ്പോൾ ഇടപെടുന്ന സ്പെഷ്യൽ സ്ക്വാഡിന് ക്ലീൻ സിറ്റി മാനേജർ നേതൃത്വം നൽകും. ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഇതിൽ ഉൾപ്പെടും. വെള്ളക്കെട്ട് വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി നഗരസഭ പ്രത്യേക കോൺക്ലേവ് സംഘടിപ്പിക്കും.

കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിൽ വെള്ളം കയറിയതോടെ കോർപ്പറേഷന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷമായ എൽഡിഎഫ് രംഗത്തെത്തിയിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ മേയർ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടത്തിയതുകൊണ്ടാണ് വെള്ളം വേഗത്തിൽ ഇറങ്ങിപ്പോയതെന്നും നഗരസഭ വിലയിരുത്തുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.