Sridevi land Dispute: ശ്രീദേവിയുടെ 2.70 ഏക്കർ ഭൂമി തർക്കം: ബോണി കപൂറിനും മക്കൾക്കും സുപ്രീംകോടതി നോട്ടീസ്
)
ഡൽഹി: അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ ചെന്നൈയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിൽ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനും മക്കളായ ജാൻവി കപൂറിനും ഖുഷി കപൂറിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഷോളിംഗനല്ലൂരിലെ 2.70 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിലാണ് നടപടി.
കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ഭൂമിയുടെ കൈവശാവകാശത്തിലോ രൂപത്തിലോ യാതൊരു മാറ്റവും വരുത്തരുതെന്നാണ് കോടതി ഉത്തരവ്. മാത്രമല്ല വർഷങ്ങളായുള്ള ഈ നിയമപോരാട്ടം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുന്നതിനായി ഒരു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയാറാകാൻ ഇരുവിഭാഗത്തോടും സുപ്രീംകോടതി നിർദ്ദേശിച്ചു. മധ്യസ്ഥ ചർച്ചകളുടെ പുരോഗതി വിലയിരുത്തുന്നതിനായി കേസ് ഡിസംബര്‍ 18-ലേക്ക് മാറ്റിയതായി ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പിള്ള എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
1988-ൽ ശ്രീദേവിയും കുടുംബവും എം. സി. നിത്യാനന്ദ മുദലിയാർ എന്നയാളുടെ പക്കൽ നിന്നാണ് ഷോളിംഗനല്ലൂരിലെ 2.70 ഏക്കര്‍ സ്ഥലം വാങ്ങിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം നിത്യാനന്ദ മുദലിയാരുടെ സഹോദരന്‍ എം. സി. ചന്ദ്രശേഖരന്‍ ആണ് സ്ഥലത്തിന്റെ അവകാശിയെന്ന് കാണിച്ച് അദ്ദേഹത്തിന്റെ മക്കളായ എം. സി. ശിവകാമിയും സഹോദരന്‍ എം. സി. നടരാജനും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1988-ല്‍ ശ്രീദേവിയുമായി ഭൂമിയുടെ പേരിലുണ്ടാക്കിയ ആധാരങ്ങള്‍ റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
എന്നാല്‍ ശ്രീദേവിക്ക് അനുകൂലമായാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 1988-ല്‍ നടന്ന വസ്തു ഇടപാടിനെതിരെ പതിറ്റാണ്ടുകള്‍ക്ക് ശേഷം 2025-ല്‍ കേസ് ഫയര്‍ ചെയ്തത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. അനാവശ്യമായി കേസ് കുത്തിപ്പൊക്കി നിയമവ്യവസ്ഥയെ ദുരൂപയോഗം ചെയ്യാനും സ്വത്ത് കൈക്കലാക്കാനുമാണ് പരാതിക്കാരുടെ ശ്രമമെന്നും കോടതി നിരീക്ഷിച്ചു. കപൂര്‍ കുടുംബത്തിന്റെ അപ്പീല്‍ സ്വീകരിച്ചുകൊണ്ട് എതിര്‍വിഭാഗത്തിൻറെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് എം. സി. ശിവകാമിയും സഹോദരന്‍ എം. സി. നടരാജനും സുപ്രീംകോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)