Mecca Air Alert: മക്കയിൽ ചരിത്രത്തിലാദ്യമായി വ്യോമാക്രമണ ജാഗ്രതാ നിർദേശം, സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതികൾ
)
മക്ക: ഹൂതി വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് മക്ക, ജിദ്ദ, തായിഫ് മേഖലകളിൽ സൗദി അറേബ്യ ജാഗ്രതാ നിർദേശം നൽകി. സൗദിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മക്കയിൽ ഇത്തരമൊരു വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്നത്. മക്കയിൽ നിരോധിത വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ഹൂതികളുടെ ഡ്രോൺ സൗദിയുടെ വ്യോമ പ്രതിരോധ സേന നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള യെമൻ സർക്കാരും തമ്മിലുള്ള പുതിയ പോരാട്ടങ്ങൾ റിയാദിനെയും ഈ സംഘർഷത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഹൂതികൾ രാജ്യത്തിന് മേൽ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിലെ സൗദി കപ്പലുകൾ ലക്ഷ്യമിടുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (MED) വിമാന സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.
ഹൂതികൾ യെമനിൽ നിന്ന് നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്ത് 13 പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായത്. സൗദി സഖ്യവും ഇസ്ലാമിക് കോർപ്പറേഷനും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. രണ്ട് വിശുദ്ധ പള്ളികളുടെയും തീർത്ഥാടകരുടെയും സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി. കൂടുതൽ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഖ്യം മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മക്ക ലക്ഷ്യമാക്കി വന്ന ഡ്രോൺ സൗദി വെടിവെച്ചിട്ടു എന്ന വാർത്ത ഹൂതികൾ തള്ളിക്കളഞ്ഞു. മക്കയെ ലക്ഷ്യമിട്ടു എന്ന വാദം ആരെയും കബളിപ്പിക്കാത്ത പഴയ ഒരു നുണയാണെന്ന് ഹൂതികളുടെ പൊളിറ്റ് ബ്യൂറോ അംഗം ഹേസം അൽ-അസാദ് എക്സിൽ കുറിച്ചു.
ഈ ആഴ്ച സൗദിക്കെതിരെ ഹൂതികൾ വലിയ തോതിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇത് എണ്ണക്കമ്പനികളിൽ തീപിടുത്തമുണ്ടാക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല പടിഞ്ഞാറൻ യെമനിൽ തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 8 സർക്കാർ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ സൗദിയിലെ കിംഗ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വലിയ രീതിയിൽ ആക്രമണം നടത്തി.
ജൂലൈ മാസത്തിൽ യെമൻ ആഭ്യന്തരയുദ്ധം വീണ്ടും ശക്തമാക്കിയതോടെയാണ് ഹൂതികളും സൗദി പിന്തുണയുള്ള സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പുനരാരംഭിച്ചത്. ഇതോടെ സൗദി അറേബ്യയ്ക്ക് മേൽ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിലെ സൗദി കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തത് സംഘർഷം വീണ്ടും കനക്കാൻ കാരണമായി. സൗദി അറേബ്യ യെമനിലെ ജനങ്ങൾക്കെതിരായ ആക്രമണം തുടരുന്നിടത്തോളം കാലം തങ്ങളുടെ തിരിച്ചടി ശക്തമായി തുടരുമെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അംഗം ഹേസം അൽ-അസാദ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)