Kerala Rain Updates: വീണ്ടും മഴക്കാലമോ? സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട് ഈ ജില്ലകളിൽ
)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നേരത്തേ മൂന്ന് ജില്ലകളിൽ (കോട്ടയം, ഇടുക്കി, എറണാകുളം) ജില്ലകളില്‍ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. സെപ്റ്റംബർ 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യത
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി, ന്യൂനമർദ്ദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്നു. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21-ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂന മർദ്ദമായും സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ 24 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് മുതൽ 21 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 21/09/2026 രാത്രി 08.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)