iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Manjeri Traffic: മഞ്ചേരിയിലെ കുരുക്കഴിക്കാന്‍ പൊതുമരാമത്ത്, 75 കോടിയുടെ പദ്ധതി

മഞ്ചേരി: മഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 75 കോടി രൂപയുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രി പി. കെ. ബഷീർ മഞ്ചേരി നഗരസഭയിലെത്തി ചർച്ചചെയ്തു.

മഞ്ചേരി ടൗൺ മുതൽ നെല്ലിപ്പറമ്പ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയടക്കം പതിവായി കടന്നുപോകുന്ന റോഡാണിത്. മഞ്ചേരി നഗരസഭയിലെത്തിയ മന്ത്രി പി. കെ. ബഷീർ വ്യാപാരികളുമായും ഭൂമി വിട്ടുകൊടുക്കേണ്ടവരുമായും മറ്റ് റോഡ് വികസനങ്ങളെക്കുറിച്ചും നേരിട്ട് ചർച്ച നടത്തി. റോഡിലെ കുരുക്കിന് അതിവേഗം പരിഹാരം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

മൂന്നുമാസം കൊണ്ട് ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെല്ലിപ്പറമ്പ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗം വീതികൂട്ടി ഡ്രൈനേജ് നിർമ്മിച്ച് നവീകരിക്കും. ജസീലാ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ നവീകരണം, നടപ്പാത, ബ്യൂട്ടിഫിക്കേഷൻ, റിങ് റോഡുകൾ, ബൈപ്പാസ് വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അതെസമയം നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജസീല ജംഗ്ഷനിൽ മേൽപ്പാലത്തിന് സാധ്യതയില്ല. എന്നാൽ സൗജന്യമായി സ്ഥലം വിട്ടുകിട്ടിയാൽ തുറക്കൽ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ വ്യക്തമാക്കി. റോഡ് വികസനത്തിന് തടസ്സമാകുന്ന കയ്യേറ്റങ്ങൾ കണ്ടെത്താൻ റവന്യൂ വകുപ്പുമായി ചേർന്ന് ഈ മാസം തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കും. കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.