iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

CPM: ഇ.ഡി അന്വേഷണങ്ങൾക്കെതിരെ സിപിഎം; വിശാല സംസ്ഥാന സമിതി യോഗത്തിൽ പ്രമേയം പാസാക്കി

കോഴിക്കോട്: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ പ്രമേയം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെയുള്ള ഇ.ഡി നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പ്രമേയം അവതരിപ്പിച്ചത്. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുകയാണ് ചെയ്യുന്നതെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ അംഗങ്ങൾ ഏകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. യോഗത്തിലെ ചർച്ചകൾ പ്രധാനമായും തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചാകണമെന്നും ഇ.ഡി അന്വേഷണത്തിലേക്ക് മാത്രം കേന്ദ്രീകരിക്കരുതെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, യോഗത്തിന്റെ അവസാന ദിനത്തിൽ പി.എ. മുഹമ്മദ് റിയാസിനെ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണ വിവരങ്ങൾ രാഷ്ട്രീയമായി പുറത്തുവന്ന പശ്ചാത്തലത്തിൽ, രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ഗൗരവമായി ചർച്ച ചെയ്യുകയായിരുന്നു.

ഇ.ഡി നീക്കങ്ങളെ പാർട്ടി സമിതികളിൽ തന്നെ പ്രതിരോധിച്ചില്ലെങ്കിൽ പുറത്ത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎം. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ചില മുതിർന്ന നേതാക്കൾ ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. വിശാല സംസ്ഥാന സമിതി യോഗം ഇ.ഡി നീക്കങ്ങളെ അപലപിക്കണമെന്ന നിർദ്ദേശം സംസ്ഥാന നേതൃത്വം പൊളിറ്റ് ബ്യൂറോ അംഗങ്ങളെയും അറിയിച്ചു. തുടർന്ന്, സമിതിയുടെ രേഖ പരിശോധിക്കാൻ ചേർന്ന യോഗത്തിലും പ്രമേയം വേണമെന്ന ആവശ്യമുയർന്നു. ഇതിന് പിന്നാലെ, പ്രതിനിധികൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പ്രസംഗം നടത്തുന്നതിന് തൊട്ടുമുമ്പായി പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠേന പാസാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.