iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Kozhikode: കുന്നമംഗലത്തെ ഹോട്ടൽ ഭക്ഷണത്തിൽ വണ്ട്: ആസൂത്രിത നീക്കമെന്ന് ഹോട്ടലുടമ, തെളിവായി സിസിടിവി ദൃശ്യങ്ങൾ

കോഴിക്കോട്: കുന്നമംഗലത്തെ പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആരോപണം ആസൂത്രിത നീക്കമാണെന്ന പരാതിയുമായി ഹോട്ടലുടമ. ഹോട്ടലിൽ എത്തിയ യുവാക്കൾ ആരും കാണാതെ ഭക്ഷണത്തിലേക്ക് വണ്ടിനെ ഇടുകയായിരുന്നുവെന്നാണ് ആരോപണം.

വണ്ടിനെ ഇട്ട ശേഷം യുവാക്കൾ ഹോട്ടലിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പോലീസിലും അധികൃതർക്കും പരാതി നൽകുകയുമായിരുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ റഫീഖ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു.

ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന് ആരോപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് റഫീഖ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാൽ നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ സൽപ്പേരിന് ഇത് വലിയ ആഘാതമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക വിരുദ്ധരുടെ ഗുണ്ടായിസത്തിനെതിരെ കർശന നടപടി വേണമെന്നും യുവാക്കൾ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഹോട്ടൽ ഉടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന വാദവുമായി പരാതിക്കാരായ യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് റഫീഖ് പോലീസിൽ പരാതി നൽകിയത്. ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആരോപണം ഉയർന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി അടച്ചുപൂട്ടിക്കുകയും ചെയ്തു. അതേസമയം, ഭക്ഷണത്തിൽ വണ്ട് കിടക്കുന്നതായി ആരോപിച്ച് യുവാക്കൾ പകർത്തിയ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഹോട്ടലുടമ റഫീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിച്ച മൂന്ന് യുവാക്കൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.