AI in Financial Markets: ട്രേഡിംഗിലും നിക്ഷേപത്തിലും എഐ വിപ്ലവം! ഫിനാൻഷ്യൽ മാർക്കറ്റിന്റെ ഭാവി മാറ്റങ്ങളെ കുറിച്ച് വിദഗ്ദ്ധർ
എഐ വന്നതോടു കൂടി സാമ്പത്തിക വിപണിയിലുണ്ടാകാവുന്ന ഭാവി മാറ്റങ്ങളെ കുറിച്ച് സാമ്പത്തിക വിദഗ്ധൻ മനോജ് കുമാർ ജെയിൻ പറയുന്നു…
)
ഇപ്പോൾ എങ്ങും ഏറ്റവും കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്നതാണ് എഐ മുന്നേറ്റം. ജീവിതത്തിന്റെ ഏതൊരു മേഖലയിലും എഐയുടെ മുന്നേറ്റം കാണപ്പെടുന്നുണ്ട്. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, പ്രതിരോധ നിർമ്മാണം, ഡാറ്റാ പ്രോസസ്സിംഗ്, ഡാറ്റാ മൈനിംഗ്, കാർഷിക ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ എഐയുടെ സ്വാധീനമുണ്ടെന്ന് പ്രമുഖ വിപണി വിദഗ്ദ്ധൻ മനോജ് കുമാർ ജെയിൻ ചൂണ്ടിക്കാണിക്കുന്നു. വേഗത്തിലുള്ള ഡാറ്റ കളക്ഷൻ, സ്പാം ഫിൽട്ടറുകൾ, ട്രെൻഡുകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ശേഷി, വിപുലമായ പ്ലാനിംഗ്, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനുള്ള വഴക്കം എന്നിവയെല്ലാം സാമ്പത്തിക വിപണിയിൽ എഐയുടെ പങ്കിനെ എടുത്തുകാണിക്കുന്നു.
മുൻപ് സാമ്പത്തിക ലോകത്ത് വലിയ മാറ്റം സൃഷ്ടിച്ച ഒന്നായിരുന്നു എക്സൽ. വലിയ തോതിലുള്ള ഡാറ്റ ഒരു സിംഗിൾ സ്പ്രെഡ്ഷീറ്റിൽ പ്രോസസ്സ് ചെയ്യാനും കൃത്യമായ സൂത്രവാക്യങ്ങൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ അതിന്റെ ഫലങ്ങൾ കണ്ടെത്താനും എക്സലിലൂടെ സാധിച്ചിരുന്നു. എന്നാൽ സാങ്കേതിക വിദ്യ വീണ്ടും പുരോഗമിക്കുകയാണുണ്ടായത്. അതോടെ ഭീമമായ ഡാറ്റകൾ വേഗത്തിൽ വിശകലനം ചെയ്യുന്നതിനായി വിപണിക്ക് കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ആവശ്യമായി വന്നു. ഇതോടെ സാമ്പത്തിക മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർണ്ണായകമായി മാറി. വിവിധ അൽഗോരിതങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ അതിവേഗം അപഗ്രഥിക്കുന്നതിലൂടെ ഫിനാൻഷ്യൽ മാർക്കറ്റിൽ എഐ അതിവേഗം തീരുമാനങ്ങളെടുക്കാൻ സഹായിക്കും.
സാമ്പത്തിക വിപണിയിൽ എഐയുടെ വളർച്ചയും സ്വാധീനവും പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് മനോജ് കുമാർ ജെയിൻ പറയുന്നത്...
ഘട്ടം 1: അനലിസ്റ്റ് യുഗം (2020–2024) – വിപണിയിൽ സംഭവിച്ച മാറ്റങ്ങൾ
റിപ്പോർട്ടുകൾ വായിക്കുക, വിവിധ സാമ്പത്തിക അനുപാതങ്ങൾ കണക്കാക്കുക, അർദ്ധവാർഷിക/വാർഷിക വരുമാന കോൺഫറൻസുകൾ സംഗ്രഹിക്കുക, സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തുക തുടങ്ങിയവയാണ് ആദ്യകാലത്ത് എഐ ഉപയോഗിച്ചിരുന്നത്. കൃത്യമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനുള്ള സഹായിയായിരുന്നു ആദ്യഘട്ടത്തിൽ എഐ.
2024-ൽ ബാങ്കിംഗ് സ്ഥാപനങ്ങളിൽ കേവലം 8 ശതമാനം മാത്രമാണ് ജനറേറ്റീവ് എഐ പ്രായോഗികമായി ഉപയോഗിച്ചിരുന്നതെന്നാണ് ഐബിഎമ്മിന്റെ ഗ്ലോബൽ ബാങ്കിംഗ് ഔട്ട്ലുക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ 2026 ആയപ്പോഴേക്കും അത് 78 ശതമാനമായി കുത്തനെ ഉയർന്നിരിക്കുകയാണ്.
റിസ്ക് & കംപ്ലയൻസ്
കാലം മാറുന്നതനുസരിച്ച് എഐയുടെ സേവനങ്ങളും കൂടുതൽ വികസിച്ചു. റെഗുലേറ്ററി റിപ്പോർട്ടുകൾ തയാറാക്കുക, റിസ്ക് ഡാറ്റാബേസുകൾ ഒത്തുനോക്കി വിശകലനം ചെയ്യുക, കംപ്ലയൻസ് ലംഘനങ്ങൾ സ്വയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുക തുടങ്ങിയ സേവനങ്ങൾ എഐ നൽകുന്നു. കോവിഡിന് ശേഷം സാമ്പത്തിക വിപണിയിലെ നിയമനിയന്ത്രണങ്ങളും കംപ്ലയൻസ് മാനദണ്ഡങ്ങളും അതിവേഗം വർദ്ധിക്കുകയുണ്ടായി. ഈയൊരു ഘട്ടത്തിൽ സാമ്പത്തിക മേഖലയ്ക്ക് എഐ വലിയ സഹായകമായി മാറിയിരുന്നു
വ്യക്തിഗത നിക്ഷേപ സേവനങ്ങൾ
റീട്ടെയിൽ നിക്ഷേപകർക്കായി പ്രത്യേകം തയാറാക്കിയ ബജറ്റിംഗ്, മൈക്രോ-ഇൻവെസ്റ്റിംഗ്, ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള നിർദ്ദേശങ്ങൾ എന്നിവയും എഐയിലൂടെ ലഭിക്കുന്നു. കൂടാതെ, ചെറുകിട തലങ്ങളിൽ കൃത്യമായി നിക്ഷേപം നടത്താനും വ്യക്തികളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ ബജറ്റുകൾ പ്ലാൻ ചെയ്യാനും എഐ സഹായിക്കുന്നുണ്ട്.
തട്ടിപ്പുകൾ തടയും സുരക്ഷയും
ആഗോളതലത്തിലെ ഭീഷണി ഡാറ്റകൾ ലൈവായി തന്നെ നിരീക്ഷിച്ച് സ്വയം പഠിക്കുകയും, തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ നിരന്തരം നൽകുകയും ചെയ്യുന്ന അഡാപ്റ്റീവ് സിസ്റ്റങ്ങളാണ് എഐ ഒരുക്കുന്നത്. അത്യാധുനിക സെക്യൂരിറ്റി സിസ്റ്റങ്ങൾ നടപ്പിലാക്കുന്നതിന് ഇത് സാമ്പത്തിക മേഖലയെ സഹായിക്കുന്നു.
രണ്ടാം ഘട്ടം: ഏജന്റിക് യുഗം (2026) – ഇന്നത്തെ അവസ്ഥ
2026ൽ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന വിപ്ലവകരമായ കുതിച്ചുചാട്ടമാണ് 'എഐ ടൂളുകളിൽ' നിന്ന് 'എഐ സിസ്റ്റങ്ങളിലേക്ക്' ഉള്ള മാറ്റം. ഇന്ന് കേവലം ചാറ്റ്ബോട്ടുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും. ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകുന്ന വെറും ടൂൾ മാത്രമല്ല ഇത്, സാമ്പത്തിക ഇടപാടുകൾ സ്വന്തമായി നടത്താൻ ശേഷിയുള്ള 'ഡിജിറ്റൽ ജീവനക്കാരായി' മാറിയിരിക്കുകയാണ് ഏജന്റിക് എഐ.
ഗോൾഡ്മാൻ സാക്സ്: എഐ ഏജന്റുകളെ ട്രേഡിംഗിനും കസ്റ്റമർ സർവീസിനുമായി തയാറാക്കുന്നു.
ലോയ്ഡ്സ് ബാങ്ക്: തട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കായി ഏജന്റിക് എഐയിലൂടെ 2026-ൽ 100 ദശലക്ഷം പൗണ്ടിന്റെ മൂല്യം ലക്ഷ്യമിടുന്നു.
എച്ച്എസ്ബിസി: അടുത്ത 2 മുതൽ 4 വർഷത്തിനുള്ളിൽ സാമ്പത്തിക വിപണിയിൽ മനുഷ്യർക്ക് പകരം എഐ ട്രേഡർമാർ വിപണിയിലെത്തുമെന്നാണ് പ്രവചനം.
ഡെലോയിറ്റ്: എഐ വഴി 2030-ഓടെ ബാങ്കുകൾക്ക് 75 ബില്യൺ ഡോളറിന്റെ അധിക വരുമാനം ഉണ്ടാകുമെന്ന് ഡെലോയിറ്റിന്റെ 2026 'എഫ്എസ്ഐ പ്രെഡിക്ഷൻസ്' റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഘട്ടം 3: ഇനി വരാനിരിക്കുന്നത് എന്താണ്?
എഐ നടപ്പിലാക്കുക എന്നതല്ല, മറിച്ച് അതിനെ എങ്ങനെ കൃത്യമായി നിയന്ത്രിക്കുക എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് എഐയും സൂപ്പർ ഇന്റലിജൻസും വിപണിയെ എങ്ങനെ സ്വാധീനിക്കുന്നു വിപണികൾ അവയെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി വിജയം നിർണ്ണയിക്കപ്പെടുന്നത്.
കമ്പോസബിൾ ഫിനാൻസ്
ഭാവിയുടെ ഘടന എന്നത് 'എഐ + എപിഐ + തത്സമയ സെറ്റിൽമെന്റ്' ആണ്. വായ്പ നൽകൽ, തട്ടിപ്പ് തടയൽ, വ്യക്തിഗത സേവനങ്ങൾ എന്നിവ എഐ വിശകലനം ചെയ്യുമ്പോൾ അവയെ നേരിട്ട് ബാങ്കിംഗ് ശൃംഖലയിൽ ഉൾപ്പെടുത്തുന്നതോടെ സാമ്പത്തിക ഇടപാടുകൾ അതിവേഗം പൂർത്തിയാകും. ഒപ്പം അപകടസാധ്യതകൾ കുറയുകയും ചെയ്യും.
ജനകീയമാകുന്ന നിർമ്മിതബുദ്ധി
ദശലക്ഷക്കണക്കിന് പോർട്ട്ഫോളിയോ സാധ്യതകളെ തത്സമയം വിശകലനം ചെയ്യാൻ ക്വാണ്ടം അധിഷ്ഠിത അൽഗോരിതങ്ങൾക്ക് സാധിക്കും. പല പ്ലാറ്റ്ഫോമുകൾക്കും ബെഞ്ച്മാർക്കുകളേക്കാൾ 2 ശതമാനത്തിലധികം അധിക നേട്ടം നൽകാനാകുന്നുണ്ട്. ഇത്തരത്തിലും അത്യാധുനിക സാങ്കേതികവിദ്യ ഇന്ത്യയിലെ റീട്ടെയിൽ നിക്ഷേപകർക്കും ഉടൻ ലഭ്യമാകും.
ഹ്യൂമൻ + എഐ ഹൈബ്രിഡ് മാതൃക
ഈ യുഗത്തിൽ സാമ്പത്തിക വിദഗ്ധർക്ക് ആവർത്തന ജോലികളിൽ നിന്ന് മോചനം നേടാനാകും. ഒപ്പം കൂടുതൽ തന്ത്രപരമായ തീരുമാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. എഐയുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഉപഭോക്താക്കൾക്ക് കാര്യക്ഷമമായ സേവനം നൽകാൻ സ്ഥാപനങ്ങൾക്ക് സാധിക്കുന്നു.
പുതിയ റിസ്കുകളും നിയന്ത്രണങ്ങളും
എഐയുടെ 'ബ്ലാക്ക് ബോക്സ്' സ്വഭാവത്തിനാൽ സുതാര്യതയും ഓഡിറ്റിംഗും അത്യന്താപേക്ഷിതമാണ്. എഐ നേരിട്ട് ട്രേഡിംഗ് നടത്തുന്ന സമയം മാർക്കറ്റ് സുസ്ഥിരത ഉറപ്പാക്കുന്നതിനായി കർശന നിയമങ്ങളാണ് റെഗുലേറ്റർമാർ കൊണ്ടുവരുന്നത്.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)