iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Operation Kala Pani: 'ഓപ്പറേഷൻ കാലാ പാനി': മാരക രോഗങ്ങൾക്കും മരണങ്ങൾക്കും കാരണം ഫാക്ടറി മലിനീകരണം, അമരോഹ നിവാസികളുടെ ആരോപണം

National

ഫാക്ടറി മലിനീകരണം മൂലം ഏഴ് വർഷത്തിനിടെ കുടുംബത്തിലെ ഏഴ് പേരെയാണ് നഷ്ടമായതെന്നാണ് ഗറൌളയിലെ കുടുംബം പറയുന്നത്

ഉത്തർപ്രദേശിലെ അമരോഹ ജില്ലയിലെ ഗജ്‌റൗളയിലുള്ള പ്രമുഖ രാസവസ്തു നിർമ്മാണ സ്ഥാപനമാണ് 'ജുബിലന്റ് ഇങ്റേവിയയുടെ'. ഈ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങളുയരുന്നതായി സീ മീഡിയയുടെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട്. ഓപ്പറേഷൻ കാലാ പാനി എന്ന പേരിലാണ് സീ മീഡിയ അന്വേഷണം നടത്തിയത്. ഫാക്ടറിയിൽ നിന്നുള്ള മലിനീകരണവും വിഷപ്പുകയും കാരണം സമീപ പ്രദേശങ്ങളിലെ ജനജീവിതം വളരെ ബുദ്ധിമുട്ടിലാണെന്നും ക്യാൻസർ പോലുള്ള മാരക രോ​ഗങ്ങളാണ് ഇവിടെ പടർന്നുപിടിക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വായുവും ഭൂഗർഭ ജലവും പൂർണ്ണമായി മലിനമാക്കപ്പെട്ടുവെന്നാണ് പ്രധാന കണ്ടെത്തൽ. നൈപൂര, സവാജ്പൂർ ഡോർ, സാദേലാപൂർ, ബസേലി, തിഗരിയ തുടങ്ങിയ 20ഓളം ഗ്രാമങ്ങളെയാണ് ഇത് രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

7 വർഷത്തിനിടെ 7 മരണങ്ങൾ

ഫാക്ടറി നിന്നുള്ള മലിനീകരണം മൂലം 7 വർഷത്തിനിടെ 7 മരണങ്ങളാണ് ഉണ്ടായതെന്നാണ് ഗജ്‌റൗളയിലെ ഒരു കുടുംബം ആരോപിക്കുന്നത്. ഫാക്ടറിയിൽ നിന്ന് ഏകദേശം 100 മീറ്റർ മാത്രം അകലെയുള്ള വീട്ടിലാണ് ദുരന്തമുണ്ടായത്. ഫാക്ടറിയാണ് ഈ ഓരോ മരണത്തിനും കാരണമെന്ന് ഇവർ ആരോപിക്കുന്നു. പ്രദേശത്തെ വെള്ളം പൂർണ്ണമായും നശിപ്പിച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ജലമലിനീകരണം മൂലമാണ് കാൻസറും ക്ഷയരോഗവും ഉൾപ്പെടെയുള്ള മാരക രോഗങ്ങളും മരണങ്ങളും സംഭവിച്ചിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

മലിനജലം കുടിച്ചത് കൊണ്ടാണ് കുടുംബാംഗങ്ങൾക്ക് കാൻസർ ബാധിച്ചത്. വീട്ടിലെ എല്ലാവരും ഇപ്പോൾ രോഗബാധിതരാണെന്നും മറ്റൊരു പ്രദേശവാസിയും ആരോപിച്ചു. അയൽപക്കത്തെ മറ്റ് നിരവധി കുടുംബങ്ങളും സമാന പരാതികൾ ഉന്നയിച്ചു. ഇവർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായിരുന്നു. അതീവ ഗൗരവകരമായ ഈ ആരോപണങ്ങളിൽ ശാസ്ത്രീയമായ അന്വേഷണം അനിവാര്യമാണ്.

ഭൂഗർഭ ജലം കുടിക്കാൻ യോഗ്യമല്ല

20ൽ അധികം ​ഗ്രാമങ്ങളാണ് ഈ ഫാക്ടറിക്ക് ചുറ്റുമായുള്ളത്. ഇതിൽ മലിനീകരണം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് നൈപൂര, സവാജ്പൂർ ഡോർ, സാദേലാപൂർ, ബസേലി, തിഗരിയ എന്നീ ഗ്രാമങ്ങളെയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ പ്രദേശങ്ങളിലെ ഭൂഗർഭ ജലം കുടിക്കാൻ യോ​ഗ്യമല്ലെന്ന് ​ഗ്രാമവാസികൾ പരാതിപ്പെടുന്നു. ഹാൻഡ് പമ്പുകളിൽ നിന്ന് വരുന്നത് കറുത്ത നിറത്തിലുള്ള മലിനജലമാണ്. ഇത് കുടിച്ചവർ രോഗബാധിതരായെന്നും ഇവർ ആരോപിക്കുന്നു.

കടുത്ത മഞ്ഞ നിറമാണ് വെള്ളത്തിനെന്നും കുടിക്കുമ്പോൾ വലിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാറുണ്ടെന്നുമാണ് ഒരു വയോധിക പറഞ്ഞത്. മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ ഇത് കുടിക്കാൻ തങ്ങൾ നിർബന്ധിതരാകുകയാണെന്ന് അവർ പറയുന്നു. ഫാക്ടറിയിലെ രാസവസ്തുക്കളാണ് വെള്ളത്തെ ഇത്രയും മലിനമാക്കുന്നതെന്നും അവർ ആരോപിച്ചു. ഈ വെള്ളം കുടിക്കുന്നവർക്ക് കാൻസർ, കിഡ്നി സ്റ്റോൺ, കടുത്ത വയറുവേദന എന്നിവ പിടിപെടുന്നതായും ചിലർക്ക് കാഴ്ചശക്തി നഷ്ടപ്പെടുന്നതായും ആരോപണമുണ്ട്. തങ്ങളുടെ കുടിവെള്ള സ്രോതസ്സുകളിൽ ഈ ഫാക്ടറിയിൽ നിന്നുള്ള മലിനജലം കലരുന്നുണ്ടെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.

ഉത്തർപ്രദേശിലെ ഗജ്‌റൗളയിൽ 'ജുബിലന്റ് ഇങ്റേവിയ'യുടെ വലിയൊരു ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് കോംപ്ലക്സ് പ്രവർത്തിക്കുന്നുണ്ട്. സ്പെഷ്യാലിറ്റി കെമിക്കലുകളും കെമിക്കൽ ഇന്റർമീഡിയറ്റുകളുടെയും ഉത്പാദനമാണ് ഇവിടെ പ്രധാനമായി നടക്കുന്നത്. വ്യാവസായിക രാസവസ്തുക്കളാണ് ഇവിടെ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ അവയുടെ കൈകാര്യവും മാലിന്യ സംസ്കരണവും ചെയ്യാൻ പാടൂ.

അതേസമയം വെള്ളം മലിനമാണോ എന്ന് പരിശോധിക്കുന്നതിനായി സീ മീഡിയയുടെ റിപ്പോർട്ടർ ഈ ഗ്രാമങ്ങളിൽ നിന്ന് കുപ്പികളിൽ വെള്ളം ശേഖരിച്ചിട്ടുണ്ട്. ഗ്രാമത്തിൽ നിന്നുള്ള വിവിധ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ഐ.ടി.എസ്. ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.