iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹ്മാനെ കേസിൽ പ്രതി ചേർക്കാമെന്ന് ഗവർണർ

Kerala

മെസ്സിയുടെ പേരിലെ തട്ടിപ്പ് കേസിൽ മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ അനുമതി നൽകി ഗവർണർ.

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വിശ്വസിപ്പിച്ചുള്ള സാമ്പത്തിക തട്ടിപ്പ് വിവാദത്തിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ പ്രോസിക്യൂഷന് അനുമതി നൽകി ഗവർണർ. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഫയൽ ഗവർണർ അംഗീകരിക്കുകയായിരുന്നു.

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാറിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. കൃത്യമായ ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കി നൽകാൻ, മുൻ മന്ത്രി അബ്ദുറഹ്മാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.

ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മറ്റുള്ളവർ‌. തട്ടിപ്പ് നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമം 17 എ പ്രകാരം കേസെടുക്കുന്നതിനായി പ്രോസിക്യൂഷന് മുൻകൂർ അനുമതി വേണമായിരുന്നു.

അതേസമയം, മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് സ്പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്ക് നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാരിലെ ഒരു മുൻ മന്ത്രി അഴിമതി കേസിൽ പ്രതിയാകുന്നതോടെ എൽ.ഡി.എഫും സി.പി.എമ്മും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ, അബ്ദുറഹ്മാനെതിരായ അഴിമതി ആരോപണം സി.പി.എം നേരത്തെ തന്നെ തള്ളിക്കളയുകയും, കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.