BCCI New Policy: കളിക്കാര്‍ക്ക് നല്‍കിയ ആസ്റ്ററിസ്ക് (*) ചിഹ്നത്തിന്റെ പിന്നിലെന്ത്?
)
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ (BCCI) ഇന്നലെയാണ് പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമയാണ്. ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ഇവരുടെ പേരുകള്‍ക്ക് മുകളില്‍ ആസ്റ്ററിസ്ക് (*) ചിഹ്നം നല്‍കിയാണ് ബിസിസിഐ പട്ടിക പുറത്തുവിട്ടത്.
കളിക്കാരുടെ ഫിറ്റ്നസിനെക്കുറിച്ച് ബോര്‍ഡിന് പൂര്‍ണ ഉറപ്പില്ലാത്തതിനാണ് ഇവരുടെ പേരുകള്‍ ഇങ്ങനെ നല്‍കിയത്. സമീപകാലങ്ങളായി പരിക്കേറ്റ കളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വലിയ വിമര്‍ശനമാണ് സെന്റർ ഓഫ് എക്‌സലൻസില്‍ (CoE) നിന്ന് നേരിട്ടത്. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തരാകാത്ത കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയ ശേഷം ചില മത്സരങ്ങൾക്ക് ശേഷം അവർക്ക് വീണ്ടും പരിക്കേറ്റ് പുറത്തുപോകേണ്ടി വരുന്ന സാഹചര്യം പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡിന്റെ പുതിയ മാറ്റം.
ഒരു കളിക്കാരനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അയാളുടെ ഫിറ്റ്നസിനെക്കുറിച്ച് 200 ശതമാനം ഉറപ്പെങ്കിലും ബിസിസിഐയ്ക്ക് ഉണ്ടാകണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കളിക്കാരുടെ ഫിറ്റ്നസിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും പൂര്‍ണ സുതാര്യത കൊണ്ടുവരാനും ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്. ഫിറ്റ്നസ് ടെസ്റ്റില്‍ ഒരു താരം പരാജയപ്പെട്ടാല്‍ പകരം ആരെയെടുക്കണം എന്നതിനെക്കുറിച്ചും സെലക്ടര്‍മാര്‍ക്ക് വ്യക്തതയുണ്ടാകണം.
അന്താരാഷ്ട്ര മത്സരങ്ങൾക്ക് 3 മുതൽ 4 ആഴ്ചകൾക്ക് മുൻപെങ്കിലും ടീമിനെ പ്രഖ്യാപിക്കുന്നത് കൊണ്ടാണ് ചില കളിക്കാരുടെ പേരുകൾക്ക് ഒപ്പം ആസ്റ്ററിസ്ക് നൽകിയിരിക്കുന്നത്. സെലക്ഷൻ ദിവസത്തിൽ ഫിറ്റല്ലെങ്കിലും, മത്സരം ആരംഭിക്കുമ്പോഴേക്കും കളിക്കാരൻ പൂർണ്ണ ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടാണ് അവരെ ഒഴിവാക്കാത്തതെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയത്.
സെപ്റ്റംബർ 13-ന് ഡൽഹിയിൽ നടക്കുന്ന ആദ്യ മത്സരത്തിന് മുമ്പ് ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയും ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഹർഷിത് റാണയുടെയും വാഷിംഗ്ടൺ സുന്ദറിന്റെയും കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെന്റർ ഓഫ് എക്‌സലൻസ് ഇക്കാര്യത്തിൽ യാതൊരുവിധ റിസ്കും എടുക്കാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെയാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോം നിലനിർത്തേണ്ടതിനാൽ സഞ്ജുവിനും ഈ പരമ്പര ഏറെ നിർണായകമാണ്.
ഇന്ത്യന്‍ ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)