US Open 2026: സബലേങ്കയുടെ സ്വപ്നം തകർത്ത് എലേന, യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി
)
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി എലേന റിബകിന. നിലവിലെ ചാമ്പ്യനായ അരീന സബലേങ്കയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എലേന പരാജയപ്പെടുത്തിയത്. എലേനയുടെ കന്നി യുഎസ് ഓപ്പണ്‍ കിരീടമാണ് ഇത്. കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാം കിരീടവുമാണ് ഇത്.
2 മണിക്കൂറും 21 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-4, 5-7, 6-2 എന്നിങ്ങനെയാണ് സ്കോര്‍ നില. ശനിയാഴ്ച നടന്ന യുഎസ് ഓപ്പണിൽ എലേനയ്ക്ക് അവിശ്വസനീയമായ വിജയമാണ് ലഭിച്ചത്. പരിക്കുകാരണം കളിക്കുമോ എന്നുപോലും സംശയമുണ്ടായിരുന്ന അവർ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായി മാറിയത്.
സിൻസിനാറ്റി ടൂർണമെന്റിനിടയിൽ കണങ്കാലിന് പരിക്കേറ്റതുകാരണം എലേനയ്ക്ക് പിന്മാറേണ്ടി വന്നിരുന്നു. ആ പരിക്കിൽ നിന്ന് മുക്തി നേടി വെറും മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് നിലവിലെ ചാമ്പ്യനായ അരീന സബലേങ്കയെ ഫൈനലിൽ വീഴ്ത്തി എലേന ഈ കിരീടം സ്വന്തമാക്കിയത്.
ഒരേ കലണ്ടർ വർഷത്തിൽ ഓസ്ട്രേലിയൻ ഓപ്പണും, യുഎസ് ഓപ്പണും സ്വന്തമാക്കുന്ന ചരിത്രനേട്ടമാണ് എലേന കൈവരിച്ചിരിക്കുന്നത്. 2016-ൽ ആഞ്ജലിക് കെർബറും 2024-ൽ അരീന സബലേങ്കയുമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്.
2026 സീസണിലെ എലേനയുടെ മൂന്നാമത്തെ കിരീടമാണിത് കൂടാതെ അവരുടെ കരിയറിലെ 14-ാമത്തെ ഡബ്ല്യുടിഎ (WTA) സിംഗിൾസ് കിരീടവും. അതേസമയം, തുടർച്ചയായി മൂന്നാം വർഷവും യുഎസ് ഓപ്പൺ കിരീടം നേടാമെന്ന സബലേങ്കയുടെ മോഹമാണ് ഈ തോൽവിയോടെ അവസാനിച്ചത്.
2024-ലും 2025-ലും ചാമ്പ്യനായ അവർ തുടർച്ചയായ നാലാം യുഎസ് ഓപ്പൺ ഫൈനലിലാണ് ഇപ്പോൾ കളിച്ചത്. കൂടാതെ 2002-ന് ശേഷം ആദ്യമായിട്ടാണ് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ പരാജയപ്പെടുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)