iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Thiruvananthapuram Zoo Shifting: തിരുവനന്തപുരം മൃഗശാല മാറ്റണം: മുഖ്യമന്ത്രിയുടെ ആശയത്തിന് പിന്തുണയുമായി മേയർ, എതിർപ്പുമായി സിപിഎം

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല നഗരത്തിൽ നിന്നു മാറ്റണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്റെ ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയർ വി. വി. രാജേഷ്. നഗരത്തിൽ ആയതുകൊണ്ട് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ചത്തുപോകുന്നുണ്ടെന്ന് മേയർ പറഞ്ഞു. നഗരത്തിൽ ചൂടും മലിനീകരണവും കൂടിയതും വാഹനങ്ങളുടെ തുടർച്ചയായ ഹോൺ മുഴക്കം മൃഗങ്ങൾക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായും മേയർ കൂട്ടിച്ചേർത്തു. മാത്രമല്ല മൃഗങ്ങൾക്ക് രോഗം വരുമ്പോൾ അത് ആളുകളിലേക്ക് പകരുമോയെന്ന ആശങ്ക പ്രദേശവാസികൾ ഉയർത്തുന്നുണ്ട് കൂടാതെ ചാടിപ്പോകുന്ന മൃഗങ്ങൾ ജനത്തിന് വലിയ ഭീതിയാണ് ഉണ്ടാക്കുന്നതെന്നും മേയർ പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന 'റീ ഇമാജിനിങ് കേരള' (Re-Imagining Kerala) പദ്ധതിയുടെ ഉദ്ഘാടനചടങ്ങിലാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് പറഞ്ഞത്. നഗരത്തിലെ തിരക്കേറിയ റോഡുകൾക്കും പൊതുപരിപാടികൾ നടക്കുന്ന ഓഡിറ്റോറിയങ്ങൾക്കും നടുവിൽ മൃഗങ്ങളെ പാർപ്പിക്കുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഉറപ്പാക്കാൻ നെയ്യാർ പോലുള്ള വനപ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അങ്ങനെ മാറ്റിയാൽ നിലവിലുള്ള സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ പോലെയോ പ്രാഗ് സ്‌ക്വയർ പോലെയോ മാറ്റാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതെസമയം മുഖ്യമന്ത്രിയുടെയും മേയറുടെയും ആശയത്തിന് പിന്നിൽ വാണിജ്യ താൽപ്പര്യമാണെന്ന് സിപിഎം നേതാവ് വി. കെ. പ്രശാന്ത് ആരോപിച്ചു. പ്രധാന നഗരപ്രദേശത്തുള്ള ഈ ഭൂമി സ്വകാര്യ മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.