Vizhinjam International Seaport: വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഭൂഗർഭ റെയിൽപാത; അടുത്ത മാസത്തോടെ 11.5 ഏക്കർ ഭൂമി ഏറ്റെടുക്കും
)
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് ബാലരാമപുരത്തേക്കുള്ള ഭൂഗർഭ റെയിൽപാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലെത്തിയതായി അധികൃതർ. ബാലരാമപുരം മേഖലയിലെ 11.5 ഏക്കർ ഭൂമി അടുത്തമാസത്തോടെ പൂർണമായി ഏറ്റെടുക്കുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതർ വ്യക്തമാക്കി.
ഔട്ടർ റിങ് റോഡുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസങ്ങൾ ആണ് ഈ ഭാഗത്തെ നടപടികൾ വൈകാൻ കാരണം. വിഴിഞ്ഞം ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയകളും വേഗത്തിൽ പുരോഗമിക്കുകയാണ്. ആകെ 10.7 കിലോമീറ്റർ ദൈർഘ്യം ഉള്ള ഈ പാതയിൽ 9.2 കിലോമീറ്ററും ടണൽ വഴി ഭൂമിക്ക് അടിയിലൂടെയാണ് കടന്നുപോകുന്നത്.
ജനവാസ മേഖലകളിൽ വീടുകൾക്ക് ഏകദേശം 35 മീറ്റർ താഴെയായാണ് പാത നിർമിക്കുന്നത്. പിപിപി മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 1482 കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി ദക്ഷിണ റെയിൽവേയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായാണ് കരാർ ഏർപ്പെട്ടിരിക്കുന്നത്. കൊങ്കൺ റെയിൽവേക്കാണ് പാത നിർമാണത്തിന്റെ ചുമതല.
തുറമുഖ വികസനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാകുന്ന 2028 ഡിസംബർ 31നകം റെയിൽപാത നിർമാണം പൂർത്തിയാക്കണമെന്ന് ആണ് സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള പ്രാഥമിക കരാർ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകില്ലെന്നാണ് സൂചന.
പദ്ധതിയുടെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് കൊങ്കൺ റെയിൽവേയും വിസിലും തമ്മിൽ ചർച്ചകൾ അന്തിമഘട്ടത്തിലേക്കെത്തുന്നതേയുള്ളൂ. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയിലെ വലിയ വികസന സാധ്യതകൾ മുൻനിർത്തി സർവവിധത്തിലുള്ള സൗകര്യങ്ങളോടും കൂടിയ മികച്ച ഡിസൈൻ നടപ്പിലാക്കണമെന്നാണ് വിസിൽ സ്വീകരിക്കുന്ന നിലപാട്.
വരുംവർഷങ്ങളിൽ തുറമുഖത്തിന്റെ ശേഷിയും ചരക്കുനീക്കവും വർധിക്കുന്നത് ഉൾക്കൊള്ളത്തക്കവണ്ണത്തിൽ അത്യാധുനിക രീതിയിലുള്ള ഭൂഗർഭ ടണൽ നിർമിക്കാൻ ആണ് ഇരുകൂട്ടരും ലക്ഷ്യം വയ്ക്കുന്നത്. റെയിൽപാത നിർമാണം വൈകുന്ന ഘട്ടത്തിൽ തുറമുഖത്ത് നിന്ന് ചരക്കുനീക്കം തടസപ്പെടാതിരിക്കാൻ ബദൽ മാർഗങ്ങളും അധികൃതർ ആസൂത്രണം ചെയ്യുന്നു.
ഇതിന്റെ ഭാഗമായി നേമത്തിന് തെക്കുഭാഗത്തായി സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ, ഷറഫ് ഗ്രൂപ്പ് എന്നിവരുടെ കണ്ടെയ്നർ റെയിൽ ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽവേ മാർഗം ഇവിടെ എത്തുന്ന കണ്ടെയ്നറുകൾ ട്രക്കുകൾ വഴി തുറമുഖത്തേക്കെത്തിക്കാനാകും. ചിവല് അൽപം അധികമാണെങ്കിലും നേരിട്ടുള്ള റെയിൽബന്ധം സ്ഥാപിക്കപ്പെടുന്നത് വരെ ഇത് മികച്ച ഒരു താൽകാലിക സംവിധാനം ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)