iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Utility

ATM Withdrawal Limit: എടിഎം ഇടപാടുകൾക്ക് എത്ര രൂപ ഈടാക്കും? ആർബിഐയുടെ ചട്ടങ്ങൾ അറിയാം

ഇന്ത്യയിലെ മെർച്ചന്റ് യുപിഐ ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നിലവിൽ വരും എന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ആശങ്കകളും നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിലാണ് മെർച്ചന്റ് യുപിഐ ഇടപാടുകൾക്ക് എംഡിആർ ബാധകമാകുക.

ഇതിന് പിന്നാലെ ഉയരുന്ന പ്രധാന ചോദ്യം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അധിക തുക ഈടാക്കുമോയെന്നാണ്. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്ന ഉപഭോക്താക്കൾക്ക് ഓരോ മാസവും എത്ര ഇടപാടുകൾ സൗജന്യമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ആർബിഐ എന്താണ് പറയുന്നത്?

ആർബിഐ നിയന്ത്രണങ്ങൾ പ്രകാരം ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് എടിഎം വഴി 5 തവണ പണം സൗജന്യമായി പിൻവലിക്കാം. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളിൽ നിന്ന് 3 ഇടപാടുകൾ സൗജന്യമാണ്. സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ സാധാരണയായി 5 എണ്ണം ലഭിക്കാറുണ്ട്. സൗജന്യ പരിധിക്ക് ശേഷമുള്ള ഓരോ ഇടപാടിനും പരമാവധി 23 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടുത്തി ആകെ 27.14 രൂപ ഈടാക്കും.

എസ്ബിഐ (SBI): മെട്രോ നഗരങ്ങളിൽ എസ്ബിഐ കാർഡ് ഉപയോഗിച്ച് മറ്റ് എടിഎമ്മുകളിൽ നിന്ന് 3 തവണ പണം പിൻവലിക്കാം. അല്ലാത്ത സ്ഥലങ്ങളിൽ നിന്ന് 5 തവണയും പണം പിൻവലിക്കാം. സൗജന്യ പരിധി കഴിഞ്ഞാൽ മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചാൽ 23 രൂപയും ബാധകമായ ജിഎസ്ടിയും നിരക്കിൽ ഈടാക്കും. എസ്‌ബിഐയുടെ സ്വന്തം എടിഎമ്മുകളിലെ സൗജന്യ പരിധി ഉപഭോക്താവിന്റെ അക്കൗണ്ട് വിഭാഗവും മിനിമം ബാലൻസും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് (PNB): സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് സ്വന്തം എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകൾ ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ സാമ്പത്തിക ഇടപാടിനും 10 രൂപയും ബാധകമായ നികുതിയും ഈടാക്കും. മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴി പ്രതിമാസം 3 സൗജന്യ ഇടപാടുകൾ ലഭിക്കും. മറ്റിടങ്ങളിൽ ആദ്യത്തെ അഞ്ച് ഇടപാടുകൾ സൗജന്യമാണ്. ഈ പരിധിക്ക് ശേഷം 23 രൂപയും ബാധകമായ ജിഎസ്ടിയും ഈടാക്കും.

എച്ച്ഡിഎഫ്സി (HDFC): സേവിംഗ്സ്, സാലറി അക്കൗണ്ട് ഉടമകൾക്ക് എച്ച്ഡിഎഫ്‌സിയുടെ സ്വന്തം എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകൾ ലഭിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴി മെട്രോ നഗരങ്ങളിൽ പ്രതിമാസം 3 സൗജന്യ ഇടപാടുകൾ ലഭിക്കുമ്പോൾ മെട്രോ ഇതര നഗരങ്ങളിൽ പ്രതിമാസം 5 സൗജന്യ ഇടപാടുകൾ ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ബാലൻസ് നോക്കാൻ 8.50 രൂപയും നികുതിയോടൊപ്പം ഈടാക്കും. കൂടാതെ എടിഎമ്മുകളിൽ യുപിഐ വഴി പണം പിൻവലിക്കുന്നതും 2026 ഏപ്രിൽ 1 മുതൽ ഈ സൗജന്യ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.