Bank Strike: ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും, പിന്നീട് അഞ്ച് ദിവസം അവധി; പണിമുടക്കിന് മുൻപ് അടിയന്തര ഇടപാടുകൾ പൂർത്തിയാക്കാം
)
സെപ്തംബർ 28 മുതൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ആരംഭിക്കുന്നതിന് മുൻപ് അടിയന്തര ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഒരു ദിവസം കൂടി ലഭിച്ചേക്കും. സെപ്തംബർ 26ന് നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ബാങ്കുകൾക്ക് അവധി ആയതിനാൽ പണിമുടക്ക് കൂടിയാകുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടായിരുന്നു.
ഇത് ഒഴിവാക്കുന്നതിന് സെപ്തംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ ദിവസം ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം പ്രവർത്തനങ്ങൾ, കറൻസി ചെസ്റ്റുകൾ എന്നിവ പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകിയിട്ടുണ്ട്.
അതിനാൽ, നിർദ്ദിഷ്ട പണിമുടക്കിന് മുന്നോടിയായി ഞായറാഴ്ച ഉപഭോക്താക്കൾക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങൾ പൂർത്തിയാക്കാം. ബാങ്ക് ഉപഭോക്താക്കളുടെ ക്ഷേമത്തിനും സൌകര്യത്തിനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പണിമുടക്ക് നിർത്തിവയ്ക്കാൻ സർക്കാരും ബാങ്ക് മാനേജ്മെൻറുകളും യൂണിയനുകളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അവശ്യ ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് അനുവദിക്കുകയും ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകുകയും ചെയ്യുക എന്നതാണ് പ്രധാന ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)