iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Utility

LPG Subsidy: എല്‍പിജി സബ്‌സിഡി തുടരാൻ ആധാർ വെരിഫിക്കേഷൻ വേണം, അവസാന തീയതി ഒക്ടോബർ 1

രാജ്യത്തെ ഗാർഹിക എൽപിജി സിലിണ്ടർ സബ്‌സിഡി നിരക്കിൽ തുടർന്നും ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. ഒക്ടോബർ 1 മുതൽ പുതിയ വ്യവസ്ഥ നിലവിൽ വരും. സബ്‌സിഡിയുള്ള പാചകവാതകം വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാനും അർഹരായ ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കാനുമാണ് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്.

ഡ്യൂപ്ലിക്കേറ്റും യോഗ്യതയില്ലാത്ത കണക്ഷനുകളും ഇല്ലാതാക്കാനും സബ്‌സിഡി വിതരണ പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും ഈ നടപടി സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു. 27.43 കോടി ഗാർഹിക എൽപിജി ഉപഭോക്താക്കളിൽ 89.9 ശതമാനവും ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ തുടർന്നുള്ള സിലിണ്ടർ ബുക്കിംഗുകൾ തടസ്സമില്ലാതെ തുടരും.

വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ള വഴികൾ:

. സിലിണ്ടർ ഡെലിവറി ചെയ്യുമ്പോൾ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (OMC) മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡെലിവറി ജീവനക്കാർക്ക് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാം.

. അടുത്തുള്ള ഗ്യാസ് ഏജൻസിയുടെ ഓഫീസിലോ ഡിസ്ട്രിബ്യൂട്ടറുടെ ഷോറൂമിലോ നേരിട്ടെത്തി വെരിഫിക്കേഷൻ ചെയ്യാം.

. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയും ഉപഭോക്താക്കൾക്ക് സ്വന്തമായി വെരിഫിക്കേഷൻ പൂർത്തിയാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഇൻഡ്യൻ ഓയിൽ (IndianOil ONE): ഇൻഡ്യൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ഈ ആപ്പ് വഴി ഇ-കെവൈസി (e-KYC) നടപടികൾ പൂർത്തിയാക്കാം.

ഭാരത്ഗ്യാസ് (HelloBPCL): ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഈ ആപ്പ്/ചാറ്റ്‌ബോട്ട് വഴി ഇ-കെവൈസി ചെയ്യാം.

എച്ച്.പി ഗ്യാസ് (HP PAY): എച്ച്.പി. ഗ്യാസ് ഉപഭോക്താക്കൾക്ക് ഈ ആപ്പിലൂടെ വെരിഫിക്കേഷൻ പൂർത്തിയാക്കാം.

വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ള ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണ്. ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ താൽപ്പര്യമില്ലാത്ത വ്യക്തികൾക്കും ഇത് പൂർത്തിയാക്കാൻ കഴിയാത്തവർക്കും തുടർന്നും എൽപിജി സിലിണ്ടറുകൾ വാങ്ങാൻ സാധിക്കും. എന്നാൽ ഇവർക്ക് സബ്‌സിഡിക്ക് അർഹതയുണ്ടായിരിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരക്കാർ വെബ് പോർട്ടലുകൾ, മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ചാറ്റ്‌ബോട്ടുകൾ, അല്ലെങ്കിൽ ഐവിആർഎസ് (IVRS) ഉൾപ്പെടെയുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഡിജിറ്റൽ ചാനലുകൾ വഴി തങ്ങളുടെ മുൻഗണന വ്യക്തമാക്കേണ്ടതാണ്. തുടർന്ന് അതത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലഭ്യതയ്ക്ക് അനുസരിച്ച് വിപണി വില നൽകി അഞ്ച് കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം സിലിണ്ടറുകൾ വാങ്ങാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.