EPFO Amnesty: ഇപിഎഫ്ഒ ആംനെസ്റ്റി പദ്ധതി പ്രയോജനപ്പെടുത്താം, പിഎഫ് ട്രസ്റ്റുകൾക്ക് ഇളവ് നേടാൻ സുവർണ്ണാവസരം
)
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഒറ്റത്തവണ ആംനെസ്റ്റി (Amnesty) പദ്ധതി പ്രഖ്യാപിച്ചു. നിയമപരമായ വീഴ്ചകൾ വലിയ പിഴയോ ശിക്ഷയോ ഇല്ലാതെ പരിഹരിക്കാൻ സർക്കാർ നൽകുന്ന പ്രത്യേക പൊതുമാപ്പ് പദ്ധതിയാണ് ആംനെസ്റ്റി (Amnesty).
ആദായനികുതി വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിലും ഇപിഎഫ് നിയമപ്രകാരം ഔദ്യോഗിക ഇളവ് ലഭിക്കാത്ത പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകൾക്ക് തങ്ങളുടെ പദവി നിയമപരമായി ശരിയാക്കി എടുക്കാൻ ആംനെസ്റ്റി പദ്ധതിയിലൂടെ സാധിക്കും. 2026 ഡിസംബർ 28 വരെ സമയം നൽകിക്കൊണ്ടാണ് ഇപിഎഫ്ഒ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജൂൺ 9ന് വിജ്ഞാപനം ചെയ്ത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) സ്കീം 2026ന്റെ ഭാഗമാണ് ഈ നീക്കം. യോഗ്യരായ ട്രസ്റ്റുകൾക്ക് അവരുടെ ഇളവ് മുൻകാല പ്രാബല്യത്തോടെ ക്രമീകരിക്കാൻ ആംനെസ്റ്റി പദ്ധതി അവസരം നൽകുന്നു.
പ്രയോജനം ആർക്കെല്ലാം?
പിഎഫ് ട്രസ്റ്റുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ആദായനികുതി നിയമപ്രകാരം അംഗീകാരമുണ്ടെങ്കിലും 1952-ലെ ഇപിഎഫ് നിയമത്തിലെ 17-ാം വകുപ്പ് പ്രകാരമോ, 2020-ലെ സാമൂഹിക സുരക്ഷാ കോഡ് (CoSS) പ്രകാരം ഔദ്യോഗിക ഇളവ് ലഭിക്കാത്ത പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകൾക്ക് അവരുടെ ഇളവ് പദവി നിയമവിധേയമാക്കാൻ ലഭിച്ച ഒരു അവസരമാണിത്.
സാമൂഹിക സുരക്ഷാ കോഡ് (CoSS) പ്രകാരം ജീവനക്കാരുടെ എണ്ണം, ഫണ്ടിന്റെ തുക (corpus size), കമ്പനി കഴിഞ്ഞ മൂന്ന് വർഷമായി നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന വ്യവസ്ഥ തുടങ്ങിയ ചില നിബന്ധനകളിൽ നിന്ന് പി.എഫ് ട്രസ്റ്റുകൾക്ക് ഇളവ് ലഭിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
മന്ത്രാലയം പറയുന്നത് പ്രകാരം അപേക്ഷിക്കേണ്ട വിധവും മറ്റ് നടപടിക്രമങ്ങളും ഉൾപ്പെടുന്ന ആംപ്നസ്റ്റി പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ 2026 ജൂലൈ 11-ന് ഇറക്കിയ വിശദമായ സർക്കുലറിലുണ്ട്. വിജ്ഞാപനം തീയതി മുതൽ 2026 ഡിസംബർ 28 വരെ ആറുമാസത്തേക്കാണ് ആംനെസ്റ്റി വ്യവസ്ഥകളുടെ കാലാവധി.
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായം
പദ്ധതിയുടെ ഗുണം ലഭിക്കേണ്ട പിഎഫ് ട്രസ്റ്റുകളെ തിരിച്ചറിയാനും ആംനെസ്റ്റി പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അവരിലേക്ക് എത്തിക്കാനും ഇപിഎഫ്ഒ ശ്രമിക്കുന്നുണ്ട്. ശ്രമങ്ങളുടെ ഭാഗമായി ഇപിഎഫ്ഒ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ഐസിഎഐ (ICAI) പോലുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. പിഎഫ് ട്രസ്റ്റുകൾ രൂപീകരിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ ആദായനികുതി ഓഡിറ്റുകൾ നടത്തുന്ന സിഎ മാർക്ക് ആംനെസ്റ്റി പദ്ധതി പ്രയോജനപ്പെടുത്താൻ സാധ്യതയുള്ള ട്രസ്റ്റുകളെ എളുപ്പത്തിൽ കണ്ടെത്താനാകും. മാത്രമല്ല ഉത്തർപ്രദേശ്, കൊൽക്കത്ത തുടങ്ങിയ ഇപിഎഫ്ഒ സോണൽ ഓഫീസുകളുടെ നേതൃത്വത്തിൽ വിവിധ പങ്കാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും വർക്ക്ഷോപ്പുകളും നടത്തിയിട്ടുണ്ട്.
ആദായനികുതി വകുപ്പിന്റെ സഹായം
ആദായനികുതി നിയമപ്രകാരം അംഗീകാരം ലഭിച്ച പിഎഫ് ട്രസ്റ്റുകളുടെ വിവരങ്ങൾക്കായി ആദായനികുതി വകുപ്പിനെയും ഇപിഎഫ്ഒ സമീപിച്ചു. ആദായനികുതി നിയമപ്രകാരം അംഗീകാരം നൽകുന്നതിനുമുമ്പ് 1952 ലെ EPF & MP ആക്ട് അല്ലെങ്കിൽ 2020 ലെ CoSS പ്രകാരമുള്ള ഒരു സ്ഥാപനത്തിന്റെ കവറേജും ഇളവ് നിലയും പരിശോധിക്കാൻ ഇപിഎഫ്ഒ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപിഎഫ്ഒയിൽ നിന്ന് ഔപചാരിക ഇളവ് ഉത്തരവ് ഇല്ലാത്ത പിഎഫ് ട്രസ്റ്റുകൾക്ക് നിലവിലുള്ള ആദായനികുതി അംഗീകാരം പിൻവലിക്കണമെന്നും ഇപിഎഫ്ഒ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)