Bigg Boss Malayalam S8: ബിഗ് ബോസ് ഹൗസിൽ ഗ്രാഫ് ഉയർത്തി ഗൗതം ശശി
ഗൌതമിൻറെ അച്ഛനെ ഫോണിൽ വിളിച്ച് സംസാരിച്ചത് പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവമായി.
)
ബിഗ് ബോസ് മലയാളം സീസൺ എട്ട് അതിൻറെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മത്സരത്തിൻറെ ഗതി പ്രവചനാതീതമായി മാറിമറിയുകയാണ്. ഷോയുടെ തുടക്കത്തിൽ ഫൈനൽ ഫൈവിൽ ഇടം പിടിക്കുമെന്ന് കരുതിയിരുന്ന പല പ്രമുഖരും ഇതനോടകം പുറത്തായിക്കഴിഞ്ഞു.
നിലവിൽ ഹൌസിലുള്ളവരുടെ മികച്ച പ്രകടനം കൂടി പരിഗണിക്കുമ്പോൾ തുടക്കത്തിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്നവർ പോലും അവസാന അഞ്ചിൽ എത്തിയേക്കാമെന്നാണ് സൂചന. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ ബിഗ് ബോസ് ഹൌസിൽ നടക്കുന്നത്.
ഫാമിലി വീക്കും ഗൌതമിൻറെ കുതിപ്പും
കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് വീട്ടിൽ നടന്നത് ഫാമിലി വീക്ക് ആയിരുന്നു. ഇതിന് പിന്നാലെ ആദ്യ വീക്കെൻഡ് എപ്പിസോഡ് കൂടി പുറത്തുവന്നതോടെ മത്സരാർഥിയായ ഗൌതം ശശിയുടെ ജനപ്രീതി ഒറ്റയാഴ്ച കൊണ്ട് കുത്തനെ ഉയർന്നിരിക്കുകയാണ്. ഹൌസിലുള്ള മറ്റ് എല്ലാ മത്സരാർഥികളെയും കാണാൻ അവരുടെ കുടുംബാംഗങ്ങൾ എത്തിയപ്പോൾ ഗൌതമിൻറെ വീട്ടിൽ നിന്ന് ആരും എത്തിയില്ല. പകരം ഗൌതമിൻറെ പ്രിയ സുഹൃത്തുക്കളാണ് സർപ്രൈസായി ഹൌസിലേക്ക് കടന്നുവന്നത്. പ്രേക്ഷകരുടെ ഉള്ളുലച്ച ഒരു നിമിഷം ആയിരുന്നു അത്. വീട്ടുകാർ വരുന്നില്ലെങ്കിൽ തൻറെ കൂട്ടുകാരെങ്കിലും എത്തണമെന്ന് ഗൌതം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു.
ഗൌതമിൻറെ കുടുംബാംഗങ്ങൾ എന്തുകൊണ്ട് വന്നില്ല
ഗൌതമിൻറെ വീട്ടുകാർ ഹൌസിലേക്ക് വരാത്തതിൻറെ കാരണങ്ങളാണ് ഇപ്പോൾ പ്രധാന ചർച്ച. അച്ഛനോട് തനിക്ക് വലിയ ഭയം ആണെന്നും കുടുംബത്തേക്കാൾ കൂടുതൽ പിന്തുണ നൽകുന്നത് സുഹൃത്തുക്കളാണെന്നും ഗൌതം പലപ്പോഴായി ഹൌസിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേട്ട പ്രേക്ഷകർ ഗൌതമിൻറെ അച്ഛനെ നേരിട്ട് കാണാനും അവർ തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് അറിയാനും ഫാമിലി വീക്കിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആ പ്രതീക്ഷ നടന്നില്ല.
ഫോൺ കോളും ‘ഐ ലവ് യു’ വും
വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ അച്ഛനും അമ്മയും വരാത്തതിനെ കുറിച്ച് ഗൌതമിനോട് തിരക്കിയിരുന്നു. അച്ഛൻ വരില്ല ലാലേട്ടാ എന്നായിരുന്നു ഗൌതമിൻറെ മറുപടി. തുടർന്ന് അച്ഛനെ ഫോണിൽ വിളിക്കാമെന്ന് മോഹൻലാൽ നിർദേശിക്കുകയും കോൾ കണക്ട് ചെയ്യുകയും ചെയ്തു. അങ്ങനെ ഗൌതമും അച്ഛനും തമ്മിൽ ഫോണിൽ സംസാരിച്ചു. സംസാരത്തിനിടെ അച്ഛനോട് ഐ ലവ് യു എന്ന് പറയാൻ മോഹൻലാൽ ആവശ്യപ്പെട്ടപ്പോൾ അൽപം നാണത്തോടെയാണെങ്കിലും ഗൌതം അത് പറയുകയുണ്ടായി. പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ആ നിമിഷങ്ങൾ. ചുരുക്കത്തിൽ ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡും ഗൌതം തൻറെ കൈപ്പിടിയിൽ ഒതുക്കി എന്ന് തന്നെ പറയാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)