iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kerala Rain Updates: ആശ്വാസം! സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഓർണബ് ചുഴലിക്കാറ്റ് ഭീഷണിയാകുമോ?

Kerala

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. നാളെ മുതൽ മഴ മുന്നറിയിപ്പുകളില്ല. ഇന്ന് യെല്ലോ അലർട്ട് 7 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നതായി കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 'ഓർണബ്' ചുഴലിക്കാറ്റായി മാറിയെങ്കിലും നിലവിൽ ഇത് കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ‘ഓർണബ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇന്ന് (ഒക്ടോബർ 26) അർധരാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറാൻ സാധ്യത. ഒക്ടോബർ 27-ന് ഇതേ മേഖലയിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) ശക്തിപ്രാപിക്കാനും സാധ്യത.

തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുകയും ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ, മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്ററും, പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.

കൂടാതെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ലക്ഷദ്വീപ് മേഖലയിൽ നിന്ന് തെക്കൻ കേരളത്തിലൂടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ട്രഫ് (Trough) സ്ഥിതിചെയ്യുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.