Kerala Power Cut: അപ്രഖ്യാപിത പവർ കട്ടിൽ വലഞ്ഞ് ജനം; രാത്രിയിൽ വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
)
കൊച്ചി: വൈറ്റില മേഖലയിൽ തുടർച്ചയായ നാലാം ദിവസവും കടുത്ത വൈദ്യുതി മുടക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശനിയാഴ്ച രാത്രിയോടെ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ഉപരോധ സമരം നടത്തി.
തുടർച്ചയായ പവർകട്ട് മൂലം രാത്രികാലങ്ങളിൽ ഉറക്കംപോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കൌൺസിലർ അനു തങ്കച്ചൻറെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ച് ഓഫീസിലേക്ക് എത്തിയത്. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയും അസിസ്റ്റൻറ് എഞ്ചിനീയറെ വിവരം അറിയിച്ച് വിളിച്ചുവരുത്തുകയുമായിരുന്നു. തൈക്കൂടം സബ് സ്റ്റേഷനിലെ പാനൽ ബോർഡ് മാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
മറ്റ് ഫീഡറുകളിൽ നിന്ന് വൈറ്റിലയിലേക്ക് വൈദ്യുതി തിരിച്ചുവിട്ടെങ്കിലും വർധിച്ച ലോഡ് താങ്ങാൻ സാധിക്കാത്തത് വിതരണം പൂർണമായി തടസപ്പെടുത്തി. 44, 48 ഡിവിഷനുകളെയാണ് ഇത് രൂക്ഷമായി ബാധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ അറ്റകുറ്റപ്പണികൾ വരും തിങ്കളാഴ്ചയോടെയേ പൂർത്തിയാകൂ.
ആവശ്യത്തിന് വൈദ്യുതി എത്തിക്കാനുള്ള ബദൽ സംവിധാനങ്ങളുടെ അഭാവം സ്ഥിതി വഷളാക്കുകയായിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ ഉൾപ്പെടെയുള്ള മറ്റ് ഫീഡറുകളിൽ നിന്ന് കണക്ഷൻ പുനസ്ഥാപിച്ചാണ് അധികൃതർ പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)