iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Perambra Sexual Assault Case: ലഹരിയും മദ്യവും നൽകി കൂട്ടബലാത്സംഗം; രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പ്രതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പിടികൂടി പേരാമ്പ്ര പോലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് പിടിയിലായത്. ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

കാപ്പാട്, കോഴിക്കോട് ആഴ്ചവട്ടം, നടുവണ്ണൂരിന് സമീപത്തുള്ള കരുവണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ച് മദ്യവും ലഹരിമരുന്നും നൽകിയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കമുള്ള സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളുടെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ യുവതിയെന്ന് പോലീസ് വ്യക്തമാക്കി.

കേസിലെ പ്രധാന പ്രതികളിലൊരാളായ റജീഷ് മുൻപ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുറ്റവാളിയാണ്. കാപ്പ കേസ് നിലനിൽക്കെ സ്വന്തം പിതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ചൊടിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

യുവതിയെ പീഡനത്തിനിരയാക്കാൻ ഒത്താശ നൽകിയതിന് ബന്ധുവായ പ്രതി പണം കൈപ്പറ്റിയതായി പരാതിയിൽ വ്യക്തമാക്കുന്നു. പീഡനദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിവച്ചിരുന്നതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്നാണ് പലതവണ പീഡനത്തിനിരയായിട്ടും യുവതി വിവരം പുറത്ത് പറയാതിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പേരാമ്പ്ര എഎസ്പി പി.ആരതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.