Rahul Gandhi: 'നിങ്ങൾക്കൊപ്പമുണ്ട്, പോരാട്ടം തുടരൂ!'; രാജ്യത്തെ യുവത്വത്തെയോർത്ത് അഭിമാനം, യുവാക്കൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
രാജ്യത്തെ യുവത്വത്തെ ഓർത്ത് അഭിമാനമുണ്ടെന്ന് രാഹുൽ ഗാന്ധി. നിങ്ങൾക്കൊപ്പമുണ്ടെന്നും പോരാട്ടം തുടരണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
)
ചെന്നൈ: ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി സമരം ശക്തമായി തുടരാൻ ആഹ്വാനം ചെയ്തു. യുവാക്കൾക്ക് ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
'ഒരു ദശാബ്ദത്തിലേറെയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസ്സിനുമെതിരെ ഞാൻ പോരാട്ടം നടത്തിവരികയാണ്. അവരുടെ ഉള്ളും പുറവും കൈവെള്ളയെന്ന പോലെ എനിക്കറിയാം. ഭീരുത്വമാണ് ഈ ആളുകളുടെ പ്രധാന സ്വഭാവം. നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് ഈ കഥയിലെ വില്ലന്മാരായിട്ടുള്ളവർ. അവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമ്മൾ ആ ഇടങ്ങൾ അടച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'മിസ്റ്റർ മോദീ, എന്തുവേണമെങ്കിലും നിങ്ങൾ ചെയ്തോളൂ. എല്ലാ പോലീസുകാരെയും വിളിക്കൂ; അത് പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ ആകട്ടെ. എല്ലാ നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്യൂ. ഞങ്ങളെയെല്ലാവരേയും അറസ്റ്റ് ചെയ്യൂ. ഞങ്ങൾ നിങ്ങളെ എല്ലാ വശത്തുനിന്നും വളഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പിന്നോട്ട് പോകില്ല. എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഇതിനകം ഞങ്ങളുടെ കൈയിലുണ്ട്'.
നമ്മുടെ ഭരണഘടനയെയും രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തെയും സംരക്ഷിക്കാനാണ് തങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 10-15 വർഷമായി ഇന്ത്യയോട് ചെയ്ത അനീതികൾ ഇനി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യയിലെ യുവജനങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. പോരാട്ടം തുടരുക, ഞങ്ങൾ പൂർണ്ണമായി നിങ്ങൾക്കൊപ്പമുണ്ട്. ഭരണഘടനയെ ആക്രമിക്കുന്നവരെയും ഈ ഭരണകൂടത്തെയും ഞങ്ങൾ പരാജയപ്പെടുത്തും," എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)