Kerala Fever Death: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി; കഴിഞ്ഞ ദിവസം മാത്രം മരണം ഒമ്പത്, മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 48 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഇവയിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്.
)
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ചുള്ള മരണങ്ങൾ ഉയരുന്നത് ഗുരുതര ആശങ്ക സൃഷ്ടിക്കുന്നു. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ പതിനാലുകാരി ശിവരഞ്ജിനിയാണ് പനി ബാധിച്ച് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്.
കടുത്ത പനിയെ തുടർന്ന് രാത്രി എട്ടുമണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തി വീട്ടിലേക്ക് മടങ്ങിയ കുട്ടിയുടെ ആരോഗ്യസ്ഥിതി രാത്രി 11 മണിയോടെ വീണ്ടും വഷളാകുകയും ബോധക്ഷയമുണ്ടാകുകയും ചെയ്തു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം ഒൻപതുപേരാണ് പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 8,407 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മലപ്പുറത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നപ്പോൾ പാലക്കാട്, കാസർകോട്, തിരുവനന്തപുരം എന്നീ ജില്ലകളിലും രോഗവ്യാപനം ശക്തമാണ്.
ഒറ്റപ്പാലത്ത് ഡെങ്കിപ്പനി മൂലമുളള മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 48 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചതിൽ ഭൂരിഭാഗം കേസുകളും എറണാകുളം ജില്ലയിലാണ്.
അതേസമയം, പകർച്ചപ്പനി സംസ്ഥാനത്ത് തീവ്രമായി പടരുമ്പോഴും സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്ന് ക്ഷാമം ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. വിതരണക്കാർക്കുള്ള കുടിശ്ശിക തുക വൈകുന്നതിനാൽ പർച്ചേസ് ഓർഡർ ലഭിച്ച പല ഏജൻസികളും മരുന്നുകൾ നൽകാൻ മടിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
മരുന്ന് വിതരണം സാധാരണ നിലയിലാക്കാൻ 500 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആരോഗ്യവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ മരുന്ന് ക്ഷാമം നവംബർ വരെയെങ്കിലും തുടർന്നുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)