Delhi Murder: അപ്പാർട്മെൻറിന് മുന്നിലിരുന്ന് മദ്യപിക്കുന്നതും ബഹളം വയ്ക്കുന്നതും ചോദ്യം ചെയ്തു; ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ തല്ലിക്കൊന്നു
)
ഡൽഹി: അപാർട്മെൻറിന് മുന്നിലിരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്ത മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ചുകൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തേയ് സമുദായക്കാരനായ സി വിക്രം സിങ് (54) ആണ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ ഡൽഹിയിലെ കിലോകരി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു പ്രായപൂർത്തിയാകാത്ത ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡെലിവറി ഏജൻറുമാരും സമീപത്തെ ധാബയിലെ ജീവനക്കാരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
അക്രമം ചോദ്യം ചെയ്തതിന് പിന്നാലെ ക്രൂരമർദ്ദനം
വർഷങ്ങളായി കിലോകരി മേഖലയിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു വിക്രം സിങ്. പുലർച്ചെ വീടിന് പുറത്ത് സംഘടിച്ചെത്തിയ പ്രതികൾ മദ്യപിക്കുകയും വലിയ രീതിയിൽ ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതരായ പ്രതികൾ വിക്രം സിങ്ങിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ വിക്രം സിങ്ങിനെ മകൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന് ശേഷം പ്രതികൾ പടിയിറങ്ങി ഓടിപ്പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)