iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Crime News: ചാക്കിൽ കെട്ടി മരത്തിൽ തൂക്കിയ നിലയിൽ മൃതദേഹം, കാണാതായ അഭിറാമിന്റെ മൃതദേഹം കണ്ടെത്തി; 17-കാരൻ പിടിയിൽ

Thiruvananthapuram

ശ്രീകാര്യത്ത് കാണാതായ അഭിറാമിൻറെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. പാങ്ങപ്പാറ സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ അഭിറാം എം ഡി യുടെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ‌ കണ്ടെത്തിയത്. അഭിറാമിനെ ഇന്നലെ മുതൽ കാണാതായിരുന്നു. കുട്ടിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ചാക്കിൽ കെട്ടി നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം എന്ന് സംശയം. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ചാക്കിലാക്കി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് ഒരു 17കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്രീകാര്യം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച മൂന്ന് മണിയോടെയാണ് കൂട്ടുകാരന്‍ വിളിക്കുന്നു എന്ന് പറഞ്ഞ് അഭിരാം വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. രാത്രിയിൽ ഫോൺ വിളിച്ചപ്പോൾ ഉടൻ എത്തുമെന്ന് പറഞ്ഞിരുന്നതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും പിതാവ് പറഞ്ഞു. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെയാണ് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.

ഇൻക്വസ്റ്റ് നടപടികൾ നടന്നു. നിലവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത് ഇന്നലെ വൈകുന്നേരം ഒരു പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നും അഭിറാമിന് മെസേജ് വരികയും അതിന് ശേഷം അഭിറാം വീട്ടിൽനിന്നും ഇറങ്ങുകയായിരുന്നുവെന്നുമാണ്. പെൺകുട്ടിയെ ഉപയോഗിച്ച് പ്രതി അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഇവിടെ വച്ച് പ്രതി 17കാരനെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയായ 17കാരനും ഒരു പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിലായിരുന്നും ഈ പെൺകുട്ടിയുമായി കൊല്ലപ്പെട്ട അഭിറാം സൗഹൃദം സ്ഥാപിക്കാൻ ആ​ഗ്രഹിച്ചിരുന്നതായുമാണ് പോലീസ് പറയുന്നത്. ഇതേത്തുടർന്നുണ്ടായ‌ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. പ്രതി മുൻപും മോഷണമടക്കമുള്ള പല കേസുകളിലും പ്രതിയായിട്ടുള്ള ആളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇയാൾ ഒറ്റയ്ക്കാണോ കൃത്യം നടത്തിയത് എന്നത് അന്വേഷിക്കുന്നുണ്ട്.

അഭിറാമിന്റെ കൂട്ടുകാരെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനും ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ പോലീസ് ചോദ്യംചെയ്യുകയാണ്.

അതേസമയം, അഭിറാമിനെ കണ്ടെത്തുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കുട്ടിയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. അഭിറാമിന്റെ മാതാപിതാക്കൾ രാവിലെ മുതൽ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെതന്നെ കൊലനടത്തിയ 17-കാരനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.