Online Taxi Driver Scam: വ്യാജ സന്ദേശവും വാട്സ്ആപ്പ് ലിങ്കും; ഡിജിറ്റൽ തട്ടിപ്പിൽ വീണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ
)
തിരുവനന്തപുരം: സൗബർ തട്ടിപ്പിൽ കുരുങ്ങി ഓൺലൈൻ ടാക്സിഡ്രൈവർമാരും. ഓൺലൈനായി ബുക്കുചെയ്ത വാഹനം യാത്രക്കാരുള്ള ലൊക്കേഷനിലേക്ക് പോകുമ്പോഴേക്കുംഡ്രൈവറുടെ മൊബെൽഫോണിലേക്ക് തട്ടിപ്പുകാർ ബന്ധപ്പെടും. തുടർന്ന് യാത്രക്കൂലി അല്ലാത്ത പണം ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ടെന്നും അത് ഉടൻ തന്നെ യാത്രക്കാർക്ക് ഓൺലൈനിൽ കൈമാറണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് തട്ടിപ്പുകാരുടെ വിളി എത്തുന്നത്.
ബുക്ക് ചെയ്ത യാത്രക്കാരൻ ആശുപത്രിയിൽ നിൽക്കുകയാണെന്നും പണം അത്യാവശ്യമാണെന്നും, സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതെന്നും തട്ടിപ്പ് സംഘം പറയും. ഇതേ സമയം തന്നെ ഡ്രൈവറുടെ ഫോണിലേക്ക് പണം അയച്ചതിന്റെ എസ്.എം.എസ്സും വന്നിരിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമ്പോൾ ഫോണിൽ വരുന്ന സന്ദേശത്തിന് സമാനമായിട്ടുള്ള മെസേജാണ് തട്ടിപ്പ് സംഘം അയയ്ക്കുന്നത്. ഇത് വളരെ സൂക്ഷിച്ച് പരിശോധിച്ചാൽ മാത്രമെ വ്യാജമാണ് എന്ന് മനസിലാകുകയുള്ളൂ. ഡ്രൈവ് ചെയ്യുന്നത് കൊണ്ട് തന്നെ അതിനിടയിൽ മെസേജ് പരിശോധിക്കാനുള്ള സാവകാശം ഡ്രൈവർക്ക് ലഭിക്കില്ലെന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
മെസേജ് കണ്ട വിശ്വാസത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നുവെന്ന് കരുതി ഡ്രൈവർമാർ പണം കൈമാറും. എന്നാൽ ബുക്ക് ചെയ്ത സ്ഥലത്ത് എത്തുമ്പോഴാകും യാത്രക്കാരെ കാണാനില്ലെന്ന വിവരം ഡ്രൈവർമാർ അറിയുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുന്നത്. തിരുവനന്തപുരത്ത് നിരവധി ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
വാട്സാപ്പിലാണ് പണം കൈമാറുന്നതിനുള്ള ലിങ്ക് അയയ്ക്കുന്നത്. തട്ടിപ്പ് നടത്തിയതിന് തൊട്ടുപിന്നാലെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്യും. കഴിഞ്ഞ ദിവസം കരിക്കകം സ്വദേശിയായ ഓട്ടോഡ്രൈവർക്ക് 4200 രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്നായിരുന്നു ഓട്ടോ ബുക്ക് ചെയ്തിരുന്നത്. ആശുപത്രിയിൽ അടയ്‌ക്കേണ്ട തുക എന്നുപറഞ്ഞായിരുന്നു ഓട്ടോഡ്രൈവർക്ക് മെസേജ് അയച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൈബർ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)