E-Mudhra Certificate Keys Hacked: ഇ-മുദ്രയിലെ ഡിജിറ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചോര്‍ന്നു; ഗൂഗിളും ആപ്പിളും നടപടിയെടുത്തു, ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു
സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഇ-മുദ്രയുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ടെക് കമ്പനികള്‍ ബ്ലോക്ക് ചെയ്തു.
)
ഇ-മുദ്ര (E-Mudhra) ഡിജിറ്റൽ സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ വീഴ്ച ആഗോളതലത്തിൽ ആശങ്കകൾക്ക് കാരണമായി. ഇതിനെത്തുടർന്ന് ഗൂഗിൾ അടക്കമുള്ള പ്രമുഖ ടെക് കമ്പനികൾ അടിയന്തര നടപടിയുമായി രംഗത്തെത്തി.
എന്താണ് ഇ-മുദ്ര?
ഇ-മുദ്ര (E-Mudhra) ഇന്ത്യൻ ഡിജിറ്റൽ സെക്യൂരിറ്റി, സൈബർ സുരക്ഷാ ഏജൻസിയാണ്. 2008-ൽ പ്രവർത്തനം ആരംഭിച്ച ബെംഗളൂരു അധിഷ്ഠിത കമ്പനിയായ ഇ-മുദ്രയെ ആണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകളും സ്ഥാപനങ്ങളും ഡിജിറ്റൽ ഒപ്പുകൾക്കായി സമീപിക്കുന്നത്.
ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ, ഔദ്യോഗിക രേഖ സമർപ്പണം എന്നിവ സുരക്ഷിതവും കൃത്യവുമാണെന്ന് ഉറപ്പുവരുത്തുന്ന ഡിജിറ്റൽ ഒപ്പുകളും സെക്യൂരിറ്റി സർട്ടിഫിക്കറ്റുകളുമാണ് കമ്പനിയാണ് വിതരണം ചെയ്യുന്നത്.
ഇ-മുദ്രയാണ് ആദായനികുതി റിട്ടേൺ, ജിഎസ്ടി, സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ ടെൻഡറുകൾ, കമ്പനി രജിസ്ട്രേഷനുകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ ഡിജിറ്റൽ ഒപ്പുകൾ നൽകുന്നു. വ്യക്തികളുടെ ഒപ്പിന് തുല്യമായ നിയമസാധുതയാണ് ഓൺലൈനിൽ ഇത്തരം ഡിജിറ്റൽ സിഗ്നേച്ചറുകൾക്കുള്ളത്.
ഡിജിറ്റൽ ഒപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുക?
ഡിജിറ്റൽ ഒപ്പുകൾ നൽകാൻ 'ക്രിപ്റ്റോഗ്രാഫി' (Cryptography) എന്ന സുരക്ഷാ സാങ്കേതികവിദ്യയാണ് ഇ-മുദ്ര ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനമായും രണ്ട് കീകളാണ് അടങ്ങിയിരിക്കുന്നത്.
1. പ്രൈവറ്റ് കീ (Private Key): ഉപയോക്താവിന് പെൻഡ്രൈവ് പോലുള്ള ടോക്കണിലാണ് പ്രൈവറ്റ് കീ ലഭിക്കുന്നത്. രേഖകളിൽ ഡിജിറ്റലായി ഒപ്പിടാൻ ഇത് സഹായിക്കും.
2. പബ്ലിക് കീ (Public Key): ഇത് ഇ-മുദ്രയുടെ സെർവറിലും പൊതു സംവിധാനങ്ങളിലും ഉണ്ടാകുന്നതാണ്. വ്യക്തിയുടെ ഡിജിറ്റൽ ഒപ്പ് വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ പബ്ലിക് കീ സഹായിക്കും.
എവിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത് ?
ഇ-മുദ്ര വിതരണം ചെയ്ത ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട 8 സ്വകാര്യ ക്രിപ്റ്റോഗ്രാഫി കീകളിലാണ് വീഴ്ചയുണ്ടായത്. ഇതിലൂടെ വ്യാജ വെബ്സൈറ്റ് നിർമ്മിക്കാൻ സാധിക്കും. ബ്രൗസർ അവയെ സുരക്ഷിത വെബ്സൈറ്റുകളായി തെറ്റിദ്ധരിക്കും. ബ്രൗസറിലെ വെബ് അഡ്രസിൽ HTTPS-ന് സമീപമുള്ള പാഡ്ലോക്ക് ഐക്കൺ ഇതിലൂടെ ലഭിക്കും. ഇതുവഴി ആളുകളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും പാസ്വേഡുകളും എളുപ്പത്തിൽ തട്ടിയെടുക്കാൻ സാധിക്കും.
കീകൾ നിർമ്മിച്ചപ്പോൾ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതാണ് ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താൻ എളുപ്പമായത്. ഇതൊരു വലിയ സുരക്ഷാ ഭീഷണിയായതുകൊണ്ട് ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, മോസില്ല എന്നിവർ അടിയന്തരമായി ഇടപെട്ട് ഈ 8 കീകൾ ഉപയോഗിച്ചുണ്ടാക്കിയ സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് ചെയ്തു.
ഇ-മുദ്ര നൽകിയ വിശദീകരണം
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ബ്രൗസർ, സോഫ്റ്റവെയർ കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഇ-മുദ്ര അവകാശപ്പെട്ടു. ബാധിക്കപ്പെട്ട എട്ട് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകളിൽ ഒന്നുമാത്രമാണ് ഉപയോഗത്തിൽ ഉണ്ടായിരുന്നതെന്നും കമ്പനി അറിയിച്ചു. എന്നാൽ അവയൊന്നും ഉപയോക്താക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. മാത്രമല്ല തങ്ങളുടെ റൂട്ട് സർട്ടിഫിക്കേഷൻ അതോറിറ്റിയുടെ പ്രൈവറ്റ് കീകളെയും മറ്റ് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകളെയും സുരക്ഷാ വീഴ്ച ബാധിച്ചിട്ടില്ലെന്നും ഇ-മുദ്ര കൂട്ടിച്ചേർത്തു.
ഇ-മുദ്ര ഓഹരികളിൽ ഇടിവ്
ഡിജിറ്റൽ സർട്ടിഫിക്കറ്റ് സുരക്ഷാ വീഴ്ച പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ഇ-മുദ്രയുടെ ഓഹരി വിലയിൽ വൻ ഇടിവ് നേരിട്ടു. ഇ-മുദ്രയുടെ ഓഹരി വിലയിൽ ഇന്ന് മാത്രം 20% താഴ്ന്ന് ലോവർ സർക്യൂട്ടിൽ എത്തുകയും വില ഏകദേശം 432 രൂപയിലേക്ക് ഇടിയുകയും ചെയ്തു.
അതേസമയം സുരക്ഷാ വീഴ്ച ബാധിച്ച ഇന്റർനാഷണൽ TLS ബിസിനസ്സ് കമ്പനിയുടെ ആകെയുള്ള വരുമാനത്തിന്റെ ഏകദേശം 1% മാത്രമാണ് സംഭാവന ചെയ്യുന്നതെന്ന് ഇ-മുദ്ര അറിയിച്ചു. കമ്പനിയുടെ പ്രധാന വരുമാന മാർഗ്ഗമായ ഇന്ത്യയിലെ ഡിജിറ്റൽ സിഗ്നേച്ചർ, ഇ-സൈൻ സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും ഇത് പൂർണ്ണമായും സുരക്ഷിതമാണെന്നും കമ്പനി നിക്ഷേപകരെ ബോധ്യപ്പെടുത്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)