iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Asian Games 2026: ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീണു; 2030ൽ പോരാട്ടം ദോഹയിൽ, ഇന്ത്യയ്ക്ക് 85 മെഡലുകൾ

Sports

അയ്ച്ചി-നഗോയ ഏഷ്യൻ ഗെയിംസ് സമാപിച്ചു. മത്സരം അവസാനിക്കുമ്പോൾ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനം ഉറപ്പിച്ചു. 

നഗോയ: രണ്ടാഴ്ച നീണ്ടുനിന്ന കായികമാമാങ്കത്തിന് അവസാനമായി. അയ്ച്ചി-നഗോയ ഏഷ്യൻ ഗെയിംസിന് വർണ്ണാഭമായ സമാപനം. ഞായറാഴ്ച നടന്ന സമാപനച്ചടങ്ങുകൾക്ക് പിന്നാലെ ഗെയിംസ് ഔദ്യോഗികമായി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2030-ൽ ദോഹയിലാണ് നടക്കുക.

സമാപന ചടങ്ങിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാക കൈമാറ്റം നടന്നു. 1951-ൽ ന്യൂഡൽഹിയിൽ നടന്ന കന്നി ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച ശേഷമാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിക്ക് കൈമാറിയത്. ഖത്തർ ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിങ് താരം നീരു ദണ്ഡയാണ് ഇന്ത്യൻ സംഘത്തിന്റെ പതാകയേന്തിയത്.

ഏഷ്യക്ക് കായികരംഗത്ത് എത്രത്തോളം ഉയരങ്ങളിലേക്ക് കുതിക്കാൻ കഴിയുമെന്ന് നമ്മൾ ഒരുമിച്ച് കണ്ടുവെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി പറഞ്ഞു. ഏഷ്യയിലെ വരുംതലമുറ കായികതാരങ്ങളെ വാർത്തെടുക്കുന്ന വലിയൊരു പോരാട്ടത്തിനാണ് ഇവിടെ തിരശീല വീണിരിക്കുന്നത്. ജപ്പാനിൽ മാത്രമല്ല, അതിനപ്പുറത്തും സ്വാധീനം ചെലുത്തുന്ന കായിക പാരമ്പര്യമാണ് കായികതാരങ്ങൾ ഇവിടെ സൃഷ്ടിച്ചത്. അമ്പതിലേറെ ലോക റെക്കോർഡുകൾ ഇത്തവണ തകർക്കപ്പെട്ടു. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ പുതിയൊരു റെക്കോർഡാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമടക്കം ആകെ 85 മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ നാലാം സ്ഥാനം ഉറപ്പിച്ചത്. ഉസ്‌ബെകിസ്താനും 21 സ്വർണ മെഡലുകളാണ് നേടിയത്. എന്നാൽ വെള്ളി മെഡലുകളുടെ എണ്ണത്തിലാണ് മുന്നിലെത്തിയത്. 169 സ്വർണവുമായി ചൈന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 83 സ്വർണം നേടിയ ജപ്പാൻ രണ്ടാം സ്ഥാനത്തും 39 സ്വർണത്തോടെ ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമെത്തി.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 100 മെഡലുകൾ എന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായി സെഞ്ചുറി തികച്ച അന്ന് ആകെ 107 മെഡലുകളാണ് ഇന്ത്യൻ കായികതാരങ്ങൾ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.